china against india

ബെയ്ജിങ്: ചൈനയ്‌ക്കെതിരായ നയതന്ത്ര ആയുധമെന്ന നിലയില്‍ ദലൈലാമയെ ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ചൈനീസ് സര്‍ക്കാരിന്റെ വാര്‍ത്താമാധ്യമമായ ഗ്ലോബല്‍ ടൈംസ് വഴിയാണ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ദലൈലാമയുടെ ‘നിഷ്‌കളങ്കമായ’ അഭിപ്രായ പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും ചൈന വ്യക്തമാക്കി. ടിബറ്റിന്റെ ആത്മീയ നേതാവ് അരുണാചല്‍ സന്ദര്‍ശിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന ചൈനയുടെ മുന്നറിയിപ്പ് മറികടന്നാണ് ദലൈലാമ അരുണാചലില്‍ എത്തിയത്.

എന്നാല്‍ ചൈനയുടെ പ്രതികരണം സാധാരണമാണെന്നായിരുന്നു ഇതിനു ദലൈലാമ നല്‍കിയ മറുപടി. തന്നെ ചൈനയ്‌ക്കെതിരെ നയതന്ത്ര ആയുധമെന്ന നിലയില്‍ ഇന്ത്യ ഉപയോഗിക്കുന്നുവെന്നത് തെറ്റായ ആരോപണമാണെന്നും ദലൈലാമ വ്യക്തമാക്കിയിരുന്നു.

ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശത്തിന് വലിയ വില ഇന്ത്യ നല്‍കേണ്ടി വരുമെന്നും അരുണാചല്‍ പ്രദേശിലെ ആറു സ്ഥലങ്ങള്‍ പുനര്‍നാമകരണം ചെയ്ത നടപടി ഇതിന്റെ ഭാഗമായിട്ടുള്ളതാണെന്നും ഗ്ലോബല്‍ ടൈംസ് ചൂണ്ടികാട്ടി. ദലൈലാമയെ മുന്‍നിര്‍ത്തിയുള്ള കളി ഉചിതമായ തീരുമാനമല്ലെന്ന് വൈകാതെ വ്യക്തമാകുമെന്നും ചൈനീസ് മാധ്യമം മുന്നറിയിപ്പു നല്‍കി.

എന്നാല്‍, ചൈന ഉന്നയിക്കുന്ന ആരോപണങ്ങള്‍ തള്ളി ഇന്ത്യ രംഗത്തെത്തി. ലാമയെന്ന കാര്‍ഡ് ഇറക്കി കളിയ്‌ക്കേണ്ടതില്ലെന്നും ലാമയുടെ സന്ദര്‍ശനം രാഷ്ട്രീയപരമല്ലെന്നും വിശ്വാസത്തിന്റെ ഭാഗമാണെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനീസ് വിദേശകാര്യ വക്താവും ഗ്ലോബല്‍ ടൈംസും വിമര്‍ശനവുമായി എത്തിയതോടെയാണ് ഇന്ത്യയുടെ പ്രതികരണം.

Top