പാക്കിസ്ഥാന് ചൈന അത്യാധുനിക മിസൈല്‍ ട്രാക്കിങ്ങ് സംവിധാനം കൈമാറി

china-pak

ന്യൂഡല്‍ഹി: പാക്കിസ്ഥാനും ചൈനയും പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന് ചൈന അത്യാധുനിക മിസൈല്‍ ട്രാക്കിങ്ങ് സംവിധാനമാണ് കൈമാറിയതെന്നാണ് വിവരം.ഹോങ്കോങിലെ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് ദിനപത്രമാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ വക്താവിനെ ഉദ്ധരിച്ചാണ് ചൈന മോണിങ് പോസ്റ്റ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിസൈല്‍ ട്രാക്കിങ് സംവിധാനം സ്വന്തമാക്കാന്‍ പാക്കിസ്ഥാന്‍ ചൈനയ്ക്ക് എത്ര തുക നല്‍കിയെന്നതു സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍, സംവിധാനം പാക്കിസ്ഥാന്‍ ഉപയോഗിച്ച് തുടങ്ങിയതായാണ് വിവരം. പുതിയ മിസൈലുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തിനാണ് വിന്യസിച്ചിരിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ സമാനമായ കൂടുതല്‍ മിസൈലുകള്‍ പാക്കിസ്ഥാന്‍ നിര്‍മിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് പുറമെയാണ് ആയുധ ഇടപാടുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പ്രത്യേക സാമ്പത്തിക ഇടനാഴി നിര്‍മിക്കുന്ന ചൈനയുടെ പദ്ധതി തുടങ്ങിയിട്ട് ഏറെ നാളായി.

ലോകത്തിലേറ്റവും വേഗം കൂടിയ സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണപ്പറക്കലിനെക്കുറിച്ച് ഇന്ത്യയുടെ പ്രഖ്യാപനം വന്ന ദിവസം തന്നെയാണ് ചൈനാ-പാക് ബന്ധത്തെക്കുറിച്ച് പുതിയ വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര മിസൈലായ അഗ്‌നി-5ന്റെ പരീക്ഷണ വിക്ഷേപണത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ചൈന പാക്കിസ്ഥാന് മിസൈല്‍ ട്രാക്കിങ് സംവിധാനം കൈമാറിയത് എന്നതും ശ്രദ്ധേയമാണ്.

മിസൈല്‍ ട്രാക്കിങ് സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പാകിസ്താനിലെത്തിയ ചൈനീസ് സംഘത്തിന് രാജകീയ സ്വീകരണമാണ് ചൈനീസ് അക്കാദമി ഓഫ് സയന്‍സസിനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മിസൈലുകളുടെ ശേഷിയും കാര്യക്ഷമതയും നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഉപകരണമാണ് ചൈന കൈമാറിയിരിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു

Top