കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച വാട്‌സ് ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവര്‍ പിടിയില്‍. ഇന്ത്യയ്ക്കു പുറമേ 10 രാജ്യങ്ങളില്‍ കണ്ണി ചേരുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് സംഘത്തെയാണ് സിബിഐ പിടികൂടിയത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന ആദ്യ കേസാണിത്.

രണ്ടു വര്‍ഷം മുമ്പാണ് വിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. വാട്‌സ് ആപ്പ് ഗ്രൂപ്പിലെ 119 അംഗങ്ങളില്‍ ഇന്ത്യയ്ക്കു പുറമേ, യുഎസ്, ചൈന, ന്യൂസിലന്‍ഡ്, മെക്‌സിക്കോ, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, കെനിയ, നൈജീരിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ അംഗങ്ങളാണ്.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യക്കാരായ അഞ്ച് ഗ്രൂപ്പ് അഡ്മിനുകള്‍ക്കെതിരേയാണ് അന്വേഷണം നടക്കുന്നത്. ഇതിനായി നോയിഡ, കനൗജ്, മുംബൈ എന്നിവിടങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. തെളിവുകള്‍ ഉള്‍ക്കൊള്ളുന്ന ടാബ്ലറ്റുകള്‍, ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ സിബിഐ പിടിച്ചെടുത്തു. കനൗജ് സ്വദേശിയായ നിഖില്‍ വര്‍മ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായും ഇയാളെ ചോദ്യംചെയ്യുന്നതിനായി ഡല്‍ഹിയിലേക്ക് എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

മറ്റു രാജ്യങ്ങളില്‍നിന്നുള്ള അംഗങ്ങളുടെ വിവരങ്ങള്‍ അതത് രാജ്യങ്ങള്‍ക്കു കൈമാറുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

Top