ഇന്ത്യയിലെ ശൈശവ വിവാഹം പകുതിയായി കുറഞ്ഞെന്ന് യൂനിസെഫിന്റെ റിപ്പോര്‍ട്ട്

marriage

മുംബൈ: രാജ്യത്തെ ശൈശവ വിവാഹം പകുതിയായി കുറഞ്ഞെന്ന് യൂനിസെഫിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ലോകത്താകമാനം 25 ദശലക്ഷം ശൈശവ വിവാഹം തടയാനായെന്നും യൂനിസെഫ് അറിയിച്ചു.

ഏറ്റവും കൂടുതല്‍ മാറ്റം കണ്ടെത്തിയത് ദക്ഷിണേഷ്യയിലാണെന്നും അതില്‍ ഏറ്റവും മുന്നില്‍ ഇന്ത്യയാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടികളിലെ അഞ്ചില്‍ ഒന്ന് പേരുടെ വിവാഹ പ്രായം ഇപ്പോള്‍ പതിനെട്ടായി മാറിയെന്നും യൂനിസെഫ് സൂചിപ്പിക്കുന്നു. നാല്‍പത് വര്‍ഷത്തിനിപ്പുറമാണ് ഇത്തരം ഒരു മാറ്റം കണ്ടെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പെണ്‍കുട്ടിക്ക് 18 വയസും, പുരുഷന് 21 വയസുമാണ് അനുവദനീയമായ
വിവാഹപ്രായം. പതിനെട്ടു വയസില്‍ താഴെ വിവാഹം കഴിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കി എന്ന നിലയിലുള്ള കുറ്റമാണ് ചുമത്തുകയെന്നും കോടതി ഉത്തരവിട്ടിരുന്നു. അതേസമയം വിവാഹത്തിന് കൂട്ടു നില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് രണ്ടു വര്‍ഷത്തെ തടവും, ഒരു ലക്ഷം രൂപ പിഴയും ഈടാക്കുമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം, തെലുങ്കാനയില്‍ ഇപ്പോഴും ശൈശവ വിവാഹം നടക്കുന്നുണ്ടെന്ന് റച്ചകോണ്ട പൊലീസ് സൂപ്രണ്ട് മഹേഷ് ഭഗവത് പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ശൈശവ വിവാഹം വ്യാപകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശൈശവ വിവാഹത്തിനെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണവും, മികച്ചതും ഉയര്‍ന്നതുമായ വിദ്യാഭ്യാസവുമാണ് പെണ്‍കുട്ടികളിലും കുടുംബങ്ങളിലും ഇത്തരം ഒരു മാറ്റങ്ങള്‍ കൊണ്ടു വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ആഫ്രിക്കയില്‍ ഇപ്പോള്‍ സാഹചര്യം വളരെ മോശമാണെന്നും, എന്നാല്‍ എത്യോപ്യയില്‍ ശൈശവ വിവാഹം രണ്ടിലൊന്നായി വെട്ടിക്കുറച്ചെന്നും യൂനിസെഫ് അഭിപ്രായപ്പെടുന്നു.

കുട്ടിക്കാലത്ത് ഒരു പെണ്‍കുട്ടി നിര്‍ബന്ധിത വിവാഹത്തിലേക്ക് തള്ളിയിടുമ്പോള്‍ അവള്‍ മാനസീകമായും ശാരീരികമായും പീഡനങ്ങള്‍ക്ക് വിധേയമാകുന്നുവെന്നും അത് അവളുടെ ജീവതകാലം മുഴുവന്‍ വേദനയായി തീരുന്നുവെന്നും കുട്ടികളില്‍ നടത്തിയ പഠന പ്രകാരം പറയുന്നു. കളിച്ചു നടക്കേണ്ട ബാല്യം നഷ്ടമാകുന്നു, സ്‌കൂള്‍ ജീവിതം നഷ്ടമാകുന്നു. അതൊടൊപ്പം പ്രസവത്തില്‍ സങ്കീര്‍ണ്ണതകളും അനുഭവിക്കേണ്ടി വരുന്നവെന്നും റിപ്പോര്‍ട്ടില് സൂചിപ്പിക്കുന്നു.

ആഫ്രിക്കയിലെ സഹാറയിലാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശൈശവ വിവാഹം നടക്കുന്നത്. നാലില്‍ മൂന്നുപേര്‍ ഇവിടെ ശൈശവ വിവാഹത്തിന് വിധേയരാകുന്നുണ്ടെന്നാണ് യൂനിസെഫ് വ്യക്തമാക്കുന്നത്.

2030-ഓടെ ശൈശവ വിവാഹത്തെ ലോകത്ത് നിന്നും ഉന്‍മൂലനം ചെയ്യണമെന്നാണ് ലോകനേതാക്കാള്‍ പ്രതിജ്ഞ ചെയ്തിരുന്നത്. ശൈശവ വിവാഹത്തിലൂടെ ദശലക്ഷകണക്കിന് കുട്ടികളുടെ കുട്ടിക്കാലമാണ് നഷ്ടമാക്കുന്നത്. ഒരു വിവാഹം തടയുമ്പോള്‍ മറ്റോരു പെണ്‍കുട്ടിക്ക് അവളുടെ ആഗ്രഹങ്ങള്‍ സഫലമാക്കാനുള്ള വഴി തുറന്നിടുകയാണെന്നും യൂനിസെഫ് അഭിപ്രായപ്പെടുന്നു.

Top