ഡോക്ടര്‍മാരുടെ സമരം ; സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്ന് ചെന്നിത്തല

Ramesh chennithala

തിരുവനന്തപരും: ഡോക്ടര്‍മാരുടെ സമരത്തില്‍ സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണിമുടക്കുന്ന ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തുകയില്ല എന്ന ദുര്‍വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തില്ലെന്ന് പറയുന്ന മന്ത്രി, അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയാണ്. സമരത്തിന് നേതൃത്വം നല്‍കുന്ന ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും പ്രൊബേഷന്‍കാരെ പിരിച്ചു വിടുമെന്ന് പറയുകയും ചെയ്യുന്നു. മന്ത്രിയുടെ ഈ ധാര്‍ഷ്ട്യം പ്രശ്‌നം വഷളാക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ട ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടിരിക്കുകയാണ്. സ്വകാര്യ ആശുപത്രികളില്‍ പോകാന്‍ കഴിവില്ലാത്ത പാവപ്പെട്ടവര്‍ നരകയാതന അനുഭവിക്കുകയാണ്. ഡോക്ടര്‍മാരെ വിശ്വാസത്തിലെടുക്കാതെയും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയും പരിഷ്‌കാരം അടിച്ചേല്‍പിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാല്‍ ഡോക്ടര്‍മാരും സഹകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം നോട്ടീസ് നല്‍കാതെ പണിമുടക്കിയ ഡോക്ടര്‍മാരുമായി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

Top