ചെങ്ങന്നൂരിലെ കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍മേള വിവാദമാകുന്നു

jobfair

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരില്‍ കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ മേള സംഘടിപ്പിച്ചത് വിവാദമാകുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയെയും നേതാക്കളെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു തൊഴില്‍മേള. രണ്ട് കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത തൊഴില്‍ മന്ത്രാലയത്തിന്റെ മേളയിലാണ് ബി ജെ പി നേതാക്കളും സ്ഥാനാര്‍ത്ഥികളും അടക്കമുള്ളവരെ ഔദ്യോഗികമായി പങ്കെടുപ്പിച്ചത്.

ചെങ്ങന്നൂരില്‍ സംഘടിപ്പിച്ച തൊഴില്‍മേളയ്ക്ക് മുന്നോടിയായി മണ്ഡലത്തിലുടനീളം ബി ജെ പി നേതാക്കളുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളും ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഔദ്യോഗിക പരിപാടിയില്‍ ബി ജെ പി നേതാക്കളെ വേദിയിലിരുത്തിയതിനെതിരെ സി പി എമ്മും കോണ്‍ഗ്രസും പരാതി നല്‍കിയിട്ടുണ്ട്.

വേദിയിലിരുന്നവര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മേള സംഘടിപ്പിക്കുന്ന സൈന്‍ എന്ന സൊസൈറ്റിയുടെ ഭാരവാഹികളും പ്രവര്‍ത്തകരുമാണെന്നായിരുന്നു ബി ജെ പി നേതാക്കളുടെ വിശദീകരണം. എന്നാല്‍ ചടങ്ങില്‍ പങ്കെടുത്ത നേതാക്കളും സൈന്‍ സൊസൈറ്റിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

54 കമ്പനികള്‍ പങ്കെടുത്ത തൊഴില്‍ മേളയില്‍ 28,300 തൊഴിലന്വേഷകര്‍ വന്നുവെന്നും 3145 പേരെ കമ്പനികള്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെന്നും ബി ജെ പി നേതാക്കള്‍ അറിയിച്ചു.

Top