പുറപ്പെട്ടത് കൊച്ചിയിലേക്ക്, ചെങ്ങന്നൂരിലെ ‘പേടിയില്‍’ എത്തിച്ചത് ഹൈദരാബാദിലും !

കൊച്ചി: കേരളത്തില്‍ അഭയം തേടാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്സ് എം.എല്‍.എമാരുടെ തീരുമാനം മാറ്റിച്ചത് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം.

പിണറായി സര്‍ക്കാറിനു കീഴില്‍ കേരളം സുരക്ഷിതമല്ലന്ന് ചൂണ്ടിക്കാട്ടി കേരള യാത്ര നടത്തുകയും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഈ ആക്ഷേപം ഉയര്‍ത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാകും ഇത്തരമൊരു നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്തിരിപ്പിച്ചത്. അവസാന നിമിഷം ഹൈക്കമാന്റ് ഇടപെട്ടാണ് ഹൈദരബാദ് യാത്രക്ക് അനുമതി നല്‍കിയിരുന്നത്. കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളുടെ ശക്തമായ ഇടപെടലാണ് അര്‍ദ്ധരാത്രിയില്‍ നടന്നത്.

ബാംഗ്ലൂരില്‍ നിന്നും എം.എല്‍.എമാരെ വഹിച്ച് പുറപ്പെട്ട ബസില്‍ കയറിയവര്‍ക്ക് കേരളത്തിലേക്കാണ് യാത്രയെന്ന വിവരമാണ് നല്‍കിയിരുന്നത്. ഇതിനായി കൊച്ചിയിലും ആലപ്പുഴയിലും താമസ സൗകര്യവും ഒരുക്കിയിരുന്നു. എം.എല്‍.എമാരെ സ്വാഗതം ചെയ്ത് രംഗത്ത് വന്ന മന്ത്രി കടകം പള്ളിയുടെ നിലപാടിലും കേരള നേതാക്കള്‍ ‘അപകടം’മണത്തിരുന്നു.

കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലും പിണറായി പൊലീസ് വേണമെന്ന പ്രചരണം ഇന്നലെ വൈകിട്ട് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സിനെ വെട്ടിലാക്കിയിരുന്നു.

യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും വരെ എം.എല്‍.എമാരുടെ സംഘം കേരളത്തില്‍ തങ്ങുന്നത് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമെന്നും കേരളത്തിലെ സുരക്ഷയും പിണറായി സര്‍ക്കാറിന്റെ ബി.ജെ.പി വിരുദ്ധ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടുമെന്നതും കേരളത്തിലെ നേതാക്കളെ ഭയപ്പെടുത്തിയിരുന്നു.

ശക്തികേന്ദ്രമായിരുന്ന ചെങ്ങന്നൂര്‍ തിരിച്ചു പിടിക്കാന്‍ കഴിയില്ലന്ന് മാത്രമല്ല, ചിലപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടാന്‍ വരെ സാധ്യതയുണ്ടെന്ന് ആലപ്പുഴയിലെ പ്രമുഖ നേതാവ് രോക്ഷത്തോടെയാണ് കെ.പി.സി.സി നേതൃത്വത്തിന് മുന്നില്‍ പ്രതികരിച്ചത്.

തുടര്‍ന്ന് ഗുലാംനബി ആസാദ്, കര്‍ണ്ണാടക ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുമായി ആദ്യം കെ.പി.സി.സി നേതൃത്വം ആശയ വിനിമയം നടത്തി. തുടര്‍ന്ന് ഇരുവരും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ഹൈദരാബാദ് യാത്രക്ക് പച്ചകൊടി കാട്ടിയത്. തുടര്‍ന്ന് കേരള യാത്രക്ക് തയ്യാറായ ജെ.ഡി.എസ് എം.എല്‍.എമാരോടും വിവരം അറിയിക്കുകയായിരുന്നു. എല്ലാ എം.എല്‍.എമാരും ഒരേ സ്ഥലത്ത് തങ്ങുന്നതാണ് ഉചിതമെന്നതിനാല്‍ ജെ.ഡി.എസ് നേതൃത്വം എതിര്‍പ്പ് കാണിച്ചതുമില്ല.

അതേസമയം കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ശനിയാഴ്ച്ച നാലുമണിക്ക് നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. എന്നാല്‍ കോണ്‍ഗ്രസ്സും ജെഡിഎസും കോടതിയുടെ തീരുമാനത്തെ അനുകൂലിച്ചു.

വിശ്വാസവോട്ടെടുപ്പില്‍ രഹസ്യബാലറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യവും സുപ്രീംകോടതി തള്ളി. യെദിയൂരപ്പ സര്‍ക്കാരിന് നിയമസഭയില്‍ നാളെ ഭൂരിപക്ഷം തെളിയിക്കന്‍ സാധിക്കുമോ എന്നു സുപ്രീം കോടതി ചോദിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാമെന്ന നിലപാടു തുടരുന്നതിനിടെ സര്‍ക്കാരുണ്ടാക്കാന്‍ തീരുമാനം എടുത്തതെങ്ങനെയെന്നും ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു.

Top