ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ; പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിക്കുന്നതിനെതിരെ എല്‍ഡിഎഫ് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

കാലവര്‍ഷം ആരംഭിച്ചശേഷം തിരഞ്ഞെടുപ്പ് നടത്തിയാല്‍ പോളിങ് സുഗമമാകില്ല. ജൂണ്‍ ആദ്യം മണ്‍സൂണ്‍ എത്തുന്നതോടെ കനത്തമഴയും വെള്ളപ്പെക്കവും പതിവാണ്. പോളിങ് സ്റ്റേഷനുകളിലുള്‍പ്പെടെ വെള്ളം കയറുന്ന പ്രദേശങ്ങള്‍ ചെങ്ങന്നൂരില്‍ ഉണ്ട്. പോളിങ് സുഗമമാവില്ല. വോട്ടര്‍മാര്‍ക്ക് പ്രയാസമുണ്ടാക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്നും പരാതിയില്‍ പറയുന്നു.

ജൂണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കും. വിദ്യാലയങ്ങളില്‍ പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുന്നതിനും ബുദ്ധിമുട്ടുണ്ടാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോളിങ് സ്റ്റേഷനുകളായി മാറുന്നത് അധ്യായന ദിനങ്ങളെയും ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീണ്ടുപോകുന്നതുമൂലം വോട്ടര്‍മാരെ അവിഹിതമായി സ്വീധീനിക്കുന്നതിനുള്ളശ്രമം കൂടുതല്‍ നടക്കും. ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കി വോട്ടര്‍മാരെ സ്വീധീനിക്കുകയാണ്. പണം നല്‍കിയ ബിജെപിപ്രവര്‍ത്തകരില്‍ ഒരാളായ എ കെ പിള്ള എന്ന അരവിന്ദാക്ഷന്‍പിള്ളയെ നാട്ടുകാര്‍ കൈയോടെ പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. മണ്ഡലത്തിലാകെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി പണംഒഴുക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത് ജനഹിതം അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് അസാധ്യമാക്കും.

വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേടുകള്‍ക്കും തെരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നത് ഇടയാക്കും. ബിജെപിയുംയുഡിഎഫും ഇതിനായി കിണഞ്ഞുശ്രമിക്കുന്നുണ്ട്. വോട്ടര്‍പട്ടികയില്‍നിന്ന് കുട്ടത്തേതാടെ വോട്ടര്‍മാരെഒഴിവാക്കുന്നതിന് ബിജെപി പ്രവര്‍ത്തകര്‍ പരാതി സമര്‍പ്പിച്ചിരുന്നു. വ്യാജ പേരില്‍ പരാതി നല്‍കിയതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വോട്ടേഴ്‌സ് ലിസ്റ്റില്‍ കൃത്രിമം കാണിക്കുന്നതിനും വോട്ടര്‍മാരെ അവിഹിതമമായി സ്വാധീനിക്കുന്നതിനും തെരഞ്ഞെടുപ്പ് വൈകല്‍ ഇടയാക്കും. ഇത് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിനെ ബാധിക്കും.

തിരെഞ്ഞടുപ്പ് വൈകുന്നത് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളെയും കാര്യമായി ബാധിക്കും. ജനങ്ങളുടെ ആവശ്യങ്ങള്‍ നിയമസഭയില്‍ ഉള്‍പ്പെടെ ഉയര്‍ത്തുന്നതിന് ജനപ്രതിനിധി ഇല്ലാതെ വരുന്നത് ജനങ്ങളുടെ അവകാശം ഹനിക്കലുമാണ്. തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നത് തിരഞ്ഞെടുപ്പ് കമീഷനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യതയ്ക്കും മങ്ങലേല്‍പ്പിക്കുന്നതാണെന്നും നേതാക്കള്‍ പരാതിയില്‍ വ്യക്തമാക്കി.

Top