ബിജെപിയും കോണ്‍ഗ്രസ്സും വേണ്ട; മൂന്നാം മുന്നണി രൂപീകരിക്കുമെന്ന് കെ.ചന്ദ്രശേഖര റാവു

chandrashekhar

കൊല്‍ക്കത്ത: ബിജെപിക്കും കോണ്‍ഗ്രസിനും ബദലായി ജനാധിപത്യ മുന്നണി രൂപീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്രസമിതി അധ്യക്ഷനുമായ കെ.ചന്ദ്രശേഖര റാവു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി കൊല്‍ക്കത്തയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“യഥാര്‍ഥ ഫെഡറല്‍ സ്വഭാവമുള്ള മുന്നണിയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും സമാനചിന്താഗതിയുള്ള എല്ലാ പാര്‍ട്ടികളുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പോയി കോണ്‍ഗ്രസ് വരുന്നതു കൊണ്ട് ഒരു അദ്ഭുതം സംഭവിക്കില്ലെന്നും അതിനു ജനങ്ങളുടെ മുന്നണി” വേണമെന്നും റാവു പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിനോടു മൃദുസമീപനത്തോടെയായിരുന്നു മമതയുടെ പ്രതികരണം. ‘വിശാലമുന്നണിക്കായുള്ള ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂവെന്നും തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നും മമത പറഞ്ഞു.

എന്‍സിപിയുമായും മമത ചര്‍ച്ച നടത്തിയിരുന്നു. വരുന്ന 27-ന് ഡല്‍ഹിയിലെത്തുന്ന മമത, എന്‍സിപി, എസ്പി, ബിഎസ്പി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശാലസഖ്യം രൂപീകരിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതിനിടെയാണ് മമത ബാനര്‍ജി മുന്‍കൈയെടുത്ത് മൂന്നാം മുന്നണി ചര്‍ച്ചകള്‍ സജീവമാക്കിയത്.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ക്കു ബദലായാണ് കെ.ചന്ദ്രശേഖര റാവുവിന്റെ ജനാധിപത്യമുന്നണി പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

Top