പരിഹരിക്കാനുള്ള കഴിവില്ലായ്മ മറച്ചുവെയ്ക്കുവാനാണ് മോദിയുടെ ഉപവാസമെന്ന് ചന്ദ്രബാബു നായിഡു

chandra-naidu

അമരാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരിക്കുന്ന ഉപവാസത്തിനെതിരായി തെലുഗു ദേശം പാര്‍ട്ടി പ്രസിഡന്റും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു രംഗത്ത്. രാജ്യത്ത് നിരന്തരമായി ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവില്ലായ്മ മറച്ചുവെയ്ക്കുവാനാണ് പ്രധാനമന്ത്രി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

‘പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ നിര്‍ണായകമായ പ്രശ്‌നങ്ങളില്‍ നിന്ന് ഓടിയൊളിക്കാനുള്ള പ്രധാനമന്ത്രിയുടെ പരിഹാസ്യമായ തന്ത്രമാണ് ഉപവാസം, പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലുള്ള പരാജയത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനാണിത്, പാര്‍ലമെന്റ് തടസ്സപ്പെട്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനു തന്നെയാണ്’, നായിഡു പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മോദിയുടെ ഉപവാസ സമരത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. ‘തനിക്കു തന്നെ എതിരായി മോദി നടത്തുന്ന നിരാഹാര സമരം വളരെ നന്നായിരിക്കുന്നു’, എന്നായിരുന്നു അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. ഏപ്രില്‍ 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപവസിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Top