തിയേറ്ററിലെ ദേശിയഗാനം: സുപ്രീംകോടതി ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച നിലപാട് മാറ്റി കേന്ദ്ര സര്‍ക്കാര്‍.

സിനിമ തീയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ചു സുപ്രീം കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

2016 നവംബര്‍ 30 ലെ സുപ്രീം കോടതി ഉത്തരവിന് മുമ്പുള്ള സ്ഥിതി പുനസ്ഥാപിക്കണം എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ അഞ്ചു പേജുള്ള സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദേശീയ ഗാനം ആലപിക്കുന്നതു സംബന്ധിച്ചു മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി മന്ത്രിതല ആഭ്യന്തര സമിതി രൂപീകരിക്കുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

വിശാല ചര്‍ച്ചകള്‍ക്ക് ശേഷമേ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനാകു. ഇതിനായി ആറുമാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാര്‍ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ചാല്‍ ഇതുസംബന്ധിച്ച വിജ്ഞാപനം ഉടന്‍ ഇറക്കുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ഉറപ്പു നല്‍കി.

Top