അഭ്യൂഹങ്ങളല്ല . . അത് യാഥാർത്ഥ്യം, പാക്ക് മണ്ണിൽ കയറി ആക്രമിക്കുമെന്ന് ഇന്ത്യ

Rajnath Singh

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ കയറി ഇന്ത്യ ആക്രമണം നടത്തുമെന്ന അഭൂഹങ്ങള്‍ ശരിവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് സംരക്ഷിക്കാന്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താന്‍ മടിക്കില്ലന്നും രാജ് നാഥ് സിംഗ് വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഒരു ദേശീയ ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു കേന്ദ്ര മന്ത്രി നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ലോക് സഭ തിരഞ്ഞെടുപ്പിലേക്ക് പോകും മുന്‍പ് പാക്കിസ്ഥാനെ പ്രഹരിക്കാന്‍ സാധ്യതയുണ്ടെന്ന അഭൂഹങ്ങള്‍ ശരിവയ്ക്കുന്നതാണിത്.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ലോക രാഷ്ട്രങ്ങളെ ഇന്ത്യയ്‌ക്കൊപ്പം അണി നിരത്താനും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്നും, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെ നമുക്കൊപ്പം നിര്‍ത്താന്‍ മോദിക്കു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘മുന്‍പ് പാക്കിസ്ഥാനെ കുറ്റപ്പെടുത്തി ആരും സംസാരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പാകിസ്ഥാനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. അത് ഇന്ത്യ പകര്‍ന്ന് നല്‍കിയ ധൈര്യമാണ്’ രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഐക്യരാഷ്ട്ര സഭ ഭീകരരുടെ പട്ടികയില്‍പ്പെടുത്തിയ ഹാഫിസ് സയീദിനെ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിച്ചിരിക്കുന്ന പാക്കിസ്ഥാന്റെ നടപടിയ്‌ക്കെതിരെയും അദ്ദേഹം ശബ്ദമുയര്‍ത്തി. ആയിരക്കണക്കിന് നിരപരാധികളെ കൊലപ്പെടുത്തിയ തീവ്രവാദികളെ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ അനുവദിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

Top