വ്യഭിചാരം കുറ്റമായി കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വ്യഭിചാരമെന്നത് കുറ്റമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗ സമത്വം ഉറപ്പാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

ഇത്തരത്തിലുള്ള കേസുകളില്‍ സ്ത്രീകള്‍ കുറ്റക്കാരല്ലെന്നും ഐ.പി.സി 497ല്‍ മാറ്റങ്ങള്‍ വരുത്താനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ബ്രിട്ടീഷ് കാലത്തുള്ള വകുപ്പുകളാണ് വിവാഹേതര ബന്ധത്തിന് ചുമത്തുക. 157 വര്‍ഷം പഴക്കമുള്ള നിയമം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്. 497ാം വകുപ്പിന്റെ രണ്ട് വശങ്ങള്‍ പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിടുകയും ചെയ്തിരുന്നു. ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയാണെണെങ്കില്‍ ഇത് വ്യഭിചാര കുറ്റമാണെന്നും ശിക്ഷിക്കണമെന്നുമാണ് 497ാം വകുപ്പ് അനുശാസിക്കുന്നത്.

Top