മെഡിക്കല്‍ കോഴ ; ബി.ജെ.പിയെ സി.ബി.ഐ രക്ഷിക്കുമോ ? അന്വേഷണം ഏറ്റെടുത്തേക്കും

ന്യൂഡല്‍ഹി: സംസ്ഥാന ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കിയ മെഡിക്കല്‍ കോഴ വിവാദം സി.ബി.ഐ അന്വേഷിച്ചേക്കും.

കേസ് ഏറ്റെടുക്കുന്നതിന് തടസങ്ങളില്ലെന്ന് സി.ബി.ഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു. സമാന സ്വഭാവമുള്ള പല കേസുകളും സി.ബി.ഐ അന്വേഷിച്ചിട്ടുണ്ട്. മാത്രമല്ല, മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയ സംഭവമായതിനാല്‍ തന്നെ മെഡിക്കല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യ (എം.സി.ഐ)യുമായും ഈ കേസ് ബന്ധപ്പെട്ടു കിടക്കുന്നു.

വര്‍ക്കലയിലെ മെഡിക്കല്‍ കോളേജിന് അംഗീകാരം കിട്ടാന്‍ 5.6 കോടി കോഴ നല്‍കിയെന്നാണ് ആരോപണം. ബിജെപി നിയമിച്ച അന്വേഷണ കമ്മീഷന്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചെങ്കിലും ഹവാല ഉള്‍പ്പെടെയുള്ള സംസ്ഥാനാന്തര ഇടപാടുകള്‍ നടന്നതിനാല്‍ സി.ബി.ഐ അന്വേഷിക്കുന്നതാണ് ഉചിതമെന്നാണു കേന്ദ്രത്തിന്റെ നിലപാട്.

Top