വരാപ്പുഴ കസ്റ്റഡി മരണം ; പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സിബിഐ

varappuzha custody death,

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണ കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സിബിഐ. കേസിലെ നടപടിക്രമങ്ങളില്‍ തുടക്കം മുതല്‍ വീഴ്ചയുണ്ടെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ ആദ്യം അസ്വാഭാവിക മരണത്തിനായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പിന്നീടാണ് കൊലക്കുറ്റം ചുമത്തിയതെന്നും കൊലപാതകത്തില്‍ റൂറല്‍ എസ്പിയായിരുന്ന എ.വി. ജോര്‍ജിനു പങ്കില്ലെന്ന് പറയാനാകില്ലെന്നും സിബിഐ ഹൈക്കോടിയെ അറിയിച്ചു.

അതേസമയം കേസില്‍ ഹൈക്കോടതി പൊലീസിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര്‍ടിഎഫിന്റെ രൂപീകരണം നിയമവിരുദ്ധമല്ലെയെന്നും ശ്രീജിത്തിനെ പിടികൂടാന്‍ എന്ത് തെളിവാണ് ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ കയ്യില്‍ ഉണ്ടായിരുന്നതെന്നും കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം.

ആര്‍ടിഎഫ് രൂപീകരണത്തെ കുറിച്ച് ഒന്നും അറിയില്ലെന്ന് എസ്പി പറയുന്നത് ശരിയല്ല. ആര്‍ടിഎഫുകാര്‍ എസ്പിയുടെ അനുവാദമില്ലാതെ പ്രവര്‍ത്തിക്കുമോയെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ ഇതെന്താ വെള്ളരിക്കാപട്ടണമാണോയെന്നും കോടതി ചേദിച്ചു.

എസ്എച്ചഒയെ അറിയിക്കാതെ എങ്ങനെയാണ് ആര്‍ടിഎഫുകാര്‍ അന്വേഷണം നടത്തിയകെന്നും കോടതി ചോദിക്കുന്നു. അതേസമയം, ആര്‍ടിഎഫ് രൂപീകരണം നിയമ വിരുദ്ധമാണെന്ന് ഡിജിപി വ്യക്തമാക്കി. നല്ല ഉദ്ദേശത്തോടെയാണ് ആര്‍ടിഎഫിനെ നിയോഗിച്ചതെന്നും ഡിജിപി പറഞ്ഞു.

അതേസമയം, കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ പറഞ്ഞു. കേസില്‍ പൊലീസ് നല്ല രീതിയിലാണ് അന്വേഷണം നടത്തിയത്. എസ്.പി ജോര്‍ജിനെ പ്രതി ചേര്‍ക്കാനുള്ള ഒരു തെളിവും ഇല്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

Top