കാറ്റലോണിയയില്‍ പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കീഴടങ്ങി

മാഡ്രിഡ്: കാറ്റലോണിയയില്‍ പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കാര്‍ലസ് പീജ്മോണ്ട് കീഴടങ്ങി.

ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് പീജ്മോണ്ടും നാല് ഉപദേശകരും കീഴടങ്ങിയത്. ഇവര്‍ക്കെതിരെ കഴിഞ്ഞ ദിവസം യൂറോപ്യന്‍ അറസ്റ്റ് വാറണ്ട്(ഇഎഡബ്ല്യു) പുറപ്പെടുവിച്ചിരുന്നു.

കീഴടങ്ങിയ നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും സ്പാനിഷ് ജഡ്ജിക്ക് മുന്പാകെ ഇവരെ ഹാജരാക്കുമെന്നും ബ്രസല്‍സ് പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച സ്വാതന്ത്ര്യപ്രഖ്യാപനം വന്ന ഉടനെതന്നെ പീജ്മോണ്ടിനെയും മന്ത്രിമാരെയും മാഡ്രിഡിലെ മരിയാനോ റഹോയ് ഭരണകൂടം ഡിസ്മിസ് ചെയ്തിരുന്നു.

ഇന്നലെ പ്രവിശ്യാ സെക്രട്ടേറിയറ്റില്‍ മാഡ്രിഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി നിയന്ത്രണം ഏറ്റെടുത്തു. പുതിയ പോലീസ് മേധാവിയും സ്ഥാനമേറ്റു.

പീജ്മോണ്ടും കൂട്ടരും സെക്രട്ടേറിയറ്റില്‍ വന്നതേയില്ല. പിന്നാലെ സ്പാനിഷ് ഭരണകൂടം കാറ്റലോണിയയുടെ നിയന്ത്രണം ഏറ്റെടുത്തു. പീജ്മോണ്ടിനും കൂട്ടര്‍ക്കുമെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സ്പാനിഷ് സ്റ്റേറ്റ് പ്രോസിക്യൂട്ടര്‍ നടപടി തുടങ്ങിയിട്ടുണ്ട്.

സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ പീജ്മോണ്ട് കഴിഞ്ഞ ദിവസം രാജ്യംവിട്ടിരുന്നു. അദ്ദേഹവും അടുത്ത അനുയായികളും ബ്രസല്‍സില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

പീജ്മോണ്ടിന്റെ അനുയായികള്‍ ഡിസംബര്‍ 21-ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി.

Top