പണരഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്റെ കാലത്തുമുണ്ടായിരുന്നു; യോഗി

ലക്‌നൗ: പണരഹിത സാമ്പത്തിക ഇടപാട് ഭഗവാന്‍ കൃഷ്ണന്റെ കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്‌നൗവില്‍ നടന്ന ഔദ്യോഗിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷ്ണന്റെ ബാല്യകാല സുഹൃത്തായിരുന്ന സുധാമ സഹായം അഭ്യര്‍ഥിച്ച് കൃഷ്ണനെ കാണാനായി എത്തിയപ്പോള്‍ അദ്ദേഹത്തിന് കൃഷ്ണന്‍ പണം നല്‍കിയിരുന്നില്ല. 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അത് നടന്നിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ നടന്നു കൂടെന്നും അദ്ദേഹം ചോദിച്ചു.

സഹായമഭ്യര്‍ഥിച്ച് സുധാമ കൃഷ്ണനെ കാണാനായി എത്തിയത് അവില്‍ പൊതിയുമായാണെന്നാണ് ഹിന്ദുവിശ്വാസം. സഹായം അഭ്യര്‍ഥിച്ച് തിരികെ എത്തിയ സുധാമ കണ്ടത് തന്റെ കുടില്‍ ഒരു കൊട്ടാരമായി മാറിയതും സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചതുമായാണ്. ഈ വിശ്വാസത്തെയാണ് ആദിത്യനാഥ് കൂട്ടുപിടിച്ചത്.

അന്ന് നടന്ന സംഭവത്തില്‍ പണം നേരിട്ട് ഉപയോഗിച്ചിട്ടില്ലെന്നും പിന്നെ എന്തുകൊണ്ട് ഇപ്പോള്‍ പണരഹിതമായി കൈമാറ്റങ്ങള്‍ നടത്തിക്കൂടാ എന്നുമാണ് അദ്ദേഹം ചോദിച്ചത്.

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് കൊണ്ടുവന്ന കാഷ്‌ലെസ് ഏക്കണോമിയിലേക്ക് എത്താന്‍ മടിച്ചു നില്‍ക്കുന്നവരെക്കൂടി ഉദ്ദേശിച്ചാണ് ആദിത്യനാഥ് ഇത്തരത്തില്‍ സംസാരിച്ചത്. പണരഹിത സമ്പദ് വ്യവസ്ഥ അഴിമതി ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top