പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ചു, ചിത്രകാരനു സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി

ഗോഹട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച ചിത്രകാരനു വധഭീഷണി.

ആസാം സ്വദേശി നിതുപര്‍ണ രാജ്‌ബോംഗ്ഷിയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി ഉയരുന്നെന്ന പരാതി ഉന്നയിച്ചിരിക്കുന്നത്.

ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ ഗോരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു നിതുപര്‍ണയുടെ കാര്‍ട്ടൂണ്‍. ഓഗസ്റ്റ് പതിനഞ്ചിനാണ് രാജ്‌ബോംഗ്ഷി കാര്‍ട്ടൂണ്‍ ഫേസ്ബുക്കിലും തന്റെ വെബ്‌സൈറ്റിലും പോസ്റ്റ് ചെയ്തത്. ഇത് നിരവധി ആളുകള്‍ വിവിധ മാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തു. ഇതേതുടര്‍ന്നാണ് രാജ്‌ബോംഗ്ഷിക്കെതിരേ വധഭീഷണി ഉയര്‍ന്നത്.

കോര്‍പറേറ്റുകള്‍ നല്‍കുന്ന ഓക്‌സിജന്‍ മോദിയും പശുവും യുപി മുഖ്യമന്ത്രി ആദിത്യനാഥും ശ്വസിക്കുന്നതാണു കാര്‍ട്ടൂണില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ദേശീയ പതാകയ്ക്കു പകരം കൊടിമരത്തില്‍ ശിശുവിന്റെയും മറ്റൊരാളുടെയും മൃതദേഹങ്ങള്‍ തൂക്കിയിട്ടിരിക്കുന്നതും കരയുന്ന സ്ത്രീയുടെ സാരി അഴിച്ച് മോദി തലപ്പാവ് ആക്കിയിരിക്കുന്നതും കാര്‍ട്ടൂണിലുണ്ട്.

Top