മുഖ്യമന്ത്രിയെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍: തമിഴ്നാട്ടില്‍ കാര്‍ട്ടൂണിസ്റ്റ് അറസ്റ്റില്‍

arrest

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഇ. പളനിസ്വാമി ഉള്‍പ്പെടെയുള്ള ഉന്നതരെ വിമര്‍ശിച്ച് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റ് ജി. ബാല അറസ്റ്റില്‍.

ഉന്നതസ്ഥാനത്തിരിക്കുന്നവര്‍ക്കെതിരെ അപകീര്‍ത്തിപെടുത്തുന്നതും അശ്ലീലപരവുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചുവെന്ന കുറ്റത്തിനാണ് ബാല എന്നറിയപ്പെടുന്ന ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റ് ജി. ബാലകൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തത്.

പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് തിരുനെല്‍വേലി കലക്ടറേറ്റില്‍ നാലംഗ കുടുംബം തീകൊളുത്തി മരിച്ച സംഭവമാണ് കാര്‍ട്ടൂണിന്റെ പ്രമേയം. കുഞ്ഞ് തീപൊളളലേറ്റ് നിലത്തുകിടക്കുമേ്ബാള്‍ മുഖ്യമന്ത്രിയും കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തുണിയില്ലാതെ നോട്ടുകെട്ടുകൊണ്ട് നാണം മറച്ച് ചുറ്റും നോക്കികൊണ്ടു നില്‍ക്കുന്നതാണ് കാര്‍ട്ടൂണ്‍.

ഒക്ടോബര്‍ 24നാണ് ബാല തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണ്‍ 12,000ത്തിലധികം പേരാണ് ഷെയര്‍ ചെയ്തത്.

കാര്‍ട്ടൂണ്‍ വൈറലായ സാഹചര്യത്തില്‍ തിരുനെല്‍വേലി കലക്ടര്‍ സന്ദീപ് നന്ദുരിയുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് ബാലക്കെതിരെ കേസെടുത്തത്.

കാര്‍ട്ടൂണ്‍ അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലപരവുമാണെന്നും അത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും തരംതാഴ്ത്തുന്ന കലാസൃഷ്ടിയാണെന്നും കലക്ടര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ബാലയുടെ അറസ്റ്റിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

Top