ചെന്നൈയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് മലയാളിയടക്കം നാലു പേര്‍ മരിച്ചു

-accident

ചെന്നൈ: നിര്‍ത്തിയിട്ട ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ച് മലയാളി യുവതിയടക്കം നാല് ഐ.ടി. ജീവനക്കാര്‍ മരിച്ചു. രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയ്ക്കടുത്ത് ചെങ്കല്‍പ്പേട്ടിനടുത്താണ് അപകടം ഉണ്ടായത്.

ഒറ്റപ്പാലം കല്ലുവഴി മേലേവടക്കേമഠത്തില്‍ എം.വി. മുരളീധരന്‍ നായരുടെ മകള്‍ ഐശ്വര്യ, ആന്ധ്ര സ്വദേശിനി മേഘ (23), തിരുപ്പൂരിലെ ദീപന്‍ ചക്രവര്‍ത്തി (22), നാമക്കലിലെ പ്രശാന്ത്കുമാര്‍ (23) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശിനി അഖില, ചെന്നൈയിലെ ശരത് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെന്നൈ സോണി എറിക്സണില്‍ ജോലിചെയ്തിരുന്ന ഇവര്‍ ആറുപേരും പുതുച്ചേരിയില്‍ പോയശേഷം കാറില്‍ മടങ്ങുമ്പോള്‍ ശനിയാഴ്ച രാവിലെയാണ് അപകടം. ദീപന്‍ ചക്രവര്‍ത്തിയാണ് കാറോടിച്ചിരുന്നത്. ഐശ്വര്യ, ദീപന്‍, പ്രശാന്ത്കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മേഘയും മരിച്ചു.

എട്ടുമാസംമുന്‍പാണ് ഐശ്വര്യ സോണി എറിക്സണില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി ചേര്‍ന്നത്. ഡോ. അഞ്ജലി (ബെംഗളൂരു) സഹോദരിയാണ്. ഇവരുടെ മാതാപിതാക്കള്‍ ഇന്‍ഡൊനീഷ്യയില്‍ ബിസിനസ് നടത്തുകയാണ്.

Top