പ്രളയം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമുണ്ട് ഞങ്ങള്‍ ; കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഒട്ടാവ : ദുരിതമനുഭവിക്കുന്ന മലയാളികള്‍ക്ക് സന്ദേശവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ‘ദാരുണമായ വാര്‍ത്തയാണ് കേരളത്തില്‍ നിന്ന് കേള്‍ക്കുന്നത്, പ്രളയത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രളയം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമുണ്ട് ഞങ്ങള്‍.’ കാനഡ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

യുഎഇ ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കേരളത്തിനുള്ള സഹായാഭ്യര്‍ഥനയുമായി എത്തിയിരുന്നു. കേരളം പ്രളയത്തിലൂടെ കടന്നുപോവുകയാണെന്നും പുണ്യമാസത്തില്‍ ഇന്ത്യയിലെ സഹോദരങ്ങള്‍ക്ക് സഹായഹസ്തം നീട്ടാന്‍ മറക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അടിയന്തര സഹായം നല്‍കാന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

കേരളത്തിലെ പ്രളയദുരന്തത്തിന്റെ ഇരകള്‍ക്ക് സഹായം എത്തിക്കാന്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന് നിര്‍ദേശം നല്‍കിയിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അള്‍ത്താനി 35 കോടി രൂപയാണ് പ്രഖ്യാപിച്ചത്.

ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമി 4 കോടി രൂപ പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രളയക്കെടുതിയില്‍ കൈത്താങ്ങാവാന്‍ ഐക്യരാഷ്ട്ര സംഘടനയും മുന്നോട്ടുവന്നിട്ടുണ്ട്. പ്രളയ ബാധിതരുടെ പുനരധിവാസത്തിനാണ് യുഎന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

കേരളത്തിലെ പ്രളയബാധിതപ്രദേശങ്ങളിലുള്ളവരെ സഹായിക്കാന്‍ കുവൈറ്റിലെ പ്രശസ്ത ജനകീയ ആതുരാലയമായ മെട്രോ മെഡിക്കല്‍ കെയര്‍ ഗ്രൂപ്പിലെ എല്ലാ ജീവനക്കാരും ചേര്‍ന്ന് തങ്ങളുടെ ഒരു ദിവസത്തെ വേതനം മാറ്റിവെക്കാന്‍ തീരുമാനിച്ചു.

അഞ്ചു ലക്ഷം രൂപയാണ് ഇതിനു വേണ്ടി സമാഹരിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്ക് എത്രയും വേഗത്തില്‍ എത്തിച്ചു കൊടുക്കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്നു മെട്രോ മെഡിക്കല്‍ കെയര്‍ മാനേജ്‌മെന്റ് അറിയിച്ചു. തങ്ങളുടെ സഹോദരങ്ങളുടെ കൂടെ ഇത് പോലുള്ള സാഹചര്യങ്ങളില്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Top