അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനിയും അവസരം നല്‍കാനാവില്ലെന്ന് കേന്ദ്രം

notes were seized

ന്യൂഡല്‍ഹി: അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇനി ഒരു അവസരം കൂടി നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

ഇനിയും അവസരം നല്‍കിയാല്‍ നോട്ട് പിന്‍വലിക്കലിന്റെ ഉദ്ദേശലക്ഷ്യം തന്നെ തകരുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. മതിയായ കാരണങ്ങള്‍ ബോധിപ്പിക്കുന്നവര്‍ക്ക് അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കിക്കൂടെയെന്ന് ഇതുസംബന്ധിച്ച കേസുകള്‍ പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. മറുപടി സത്യവാങ്മൂലത്തിലാണ് ഇനി അവസരം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

പെട്രോള്‍ പമ്പിലും, വിമാന, റെയില്‍ ടിക്കറ്റ് ബുക്കിങ് കേന്ദ്രങ്ങളിലും ടോള്‍ ബൂട്ടിലും നോട്ട് മാറ്റി നല്‍കാന്‍ നവംബര്‍ 8 മുതല്‍ സമയം നല്‍കിയതിന്റെ മറവില്‍ ദുരുപയോഗം ചെയ്ത സംഭവങ്ങളുണ്ടായെന്നും കേന്ദ്രം കോടതിയെ അറിയിച്ചു

ജനങ്ങളുടെ പണമാണ്, ആയതിനാല്‍ അവര്‍ക്ക് കൃത്യമായ കാരണമുണ്ടെങ്കില്‍ മാറ്റിനല്‍കിക്കൂടെയെന്നും കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് ജഗദീഷ് സിങ് കെഹാര്‍ ചോദിക്കുകയുണ്ടായി.

കള്ളപ്പണം പുറത്തുകൊണ്ടുവരാനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്താനില്‍ നിന്നുള്ള കള്ളനോട്ടുകളുടെ ഒഴുക്ക് തടയാനുമായിട്ടാണ് നോട്ട് നിരോധിച്ചതെന്നും കേന്ദ്രം അറിയിച്ചു.

Top