മറ്റൊരു എം.ജി.ആർ ആകാൻ രജനീകാന്തിനും കമലിനും കഴിയുമോ ? ഉറ്റുനോക്കി തമിഴകം

rajinikanth,kamal haasan

മാര്‍ച്ച് 10ന് തമിഴകത്തെ കാത്തിരുന്നത് ഒരപ്രതീക്ഷിത വാര്‍ത്തയായിരുന്നു. ഈറോഡ് ജില്ലയിലെ പെരുന്തുരൈ ബസ് സ്റ്റാന്റിന് സമീപത്തേക്ക് ഉലകനായകന്‍ കമല്‍ഹാസന്റെ വാഹനം കടന്നുവന്നപ്പോള്‍ അവിടെ കൂടിയവരെല്ലാം ആര്‍പ്പുവിളിച്ചു. ആ ആര്‍പ്പുവിളികള്‍ക്കും കരഘോഷങ്ങള്‍ക്കുമിടയില്‍ കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു-‘മക്കള്‍ നീതം മയ്യം’.

ദ്രാവിഡരാഷ്ട്രീയം ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. എസ്‌കോട്ട് വാഹനങ്ങളും പൊതുജനങ്ങള്‍ക്ക് അടുത്തുകൂടാന്‍ പറ്റാത്തതുമൊക്കെ രാഷ്ട്രീയനേതാക്കളുടെ വ്യക്തിപ്രഭാവം നിശ്ചയിച്ചിരുന്ന കാലമല്ല ഇത്. പൊതുജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെങ്കില്‍, അവരിലൊരാളാകണമെങ്കില്‍ പഴഞ്ചന്‍ രീതികള്‍ വിട്ട് വ്യത്യസ്തതയെ കൂട്ടുപിടിക്കണമെന്ന് കമല്‍ഹാസനും രജനീകാന്തിനും നന്നായറിയാം. അതുകൊണ്ടാണ് പെരുന്തുരൈയില്‍ കമല്‍ഹാസന്‍ ഇങ്ങനെ പറഞ്ഞത്- ”മക്കള്‍ നീതി മയ്യത്തിന്റെ പതാക രൂപകല്‍പ്പന ചെയ്തത് ഞാനാണ്,പക്ഷേ അത് ഗാംഭീര്യത്തോടെ പാറിപ്പറക്കണമോയെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്”.

1972 ഒക്ടബോറിലാണ് എംജി രാമചന്ദ്രന്‍ എന്ന എംജിആര്‍ ഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. അതിന് ശേഷമാണ് എംജിആര്‍ ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം(AIADMK) എന്ന രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കിയത്. എന്നാല്‍ ആ രാഷ്ട്രീയപ്രവേശം തമിഴകത്തുണ്ടാക്കിയ/ നാടകീയ ആഘാതം ഒരുപക്ഷേ എംജിആറോ കരുണാനിധിയോ ഒരിക്കല്‍പോലും പ്രതീക്ഷിച്ചിരുന്നില്ല. സിനിമാപ്രേമികളായ തന്റെ ആരാധകരെ ഉപയോഗിച്ച് രാഷ്ട്രീയ അടിത്തറയുണ്ടാക്കിയെടുത്ത എംജിആറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവരാണ് എന്‍ ടി രാമ റാവുവും വിജയകാന്തും ചിരഞ്ജീവിയും.

1970-90 കാലഘട്ടത്തില്‍ സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവരെ തമിഴകം രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. താരാരാധന മൂലം അവരാരും ചോദ്യം ചെയ്യപ്പെട്ടില്ല. എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. രാഷ്ട്രീയ അക്രമങ്ങളും യാഥാര്‍ഥ്യബോധവും സോഷ്യല്‍ മീഡിയയുടെ കടന്നുവരവും ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കിയിരിക്കുന്നു. അവിടേക്കാണ് സ്‌റ്റൈല്‍ മന്നനും ഉലകനായകനും രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഈ മാറ്റം ഉള്‍ക്കൊണ്ട് ഘടനാപരമായ സമീപനമാണ് ഫാന്‍ ക്ലബ്ബുകളെയും ആരാധകരെയും രാഷ്ട്രീയ അനുയായികളാക്കി മാറ്റാന്‍ ഇരുവരും പ്രയോഗിക്കുന്നത്. യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇരുവരുടെയും പ്രവര്‍ത്തനം.

മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുന്‍പെ രാഷ്ട്രീയപാര്‍ട്ടിക്ക് അടിത്തറ പാകിയെന്നാണ് കമല്‍ പറയുന്നത്. സാമൂഹ്യസേവനരംഗത്ത് സജീവമായിരുന്ന താരത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ വളര്‍ച്ചയെ സഹായിക്കാന്‍ വിവിധ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ രംഗത്തുണ്ട്.

മറുവശത്ത് രാഷ്ട്രീയപാര്‍ട്ടിയോ പദ്ധതിയോ ഒന്നും വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല രജനീകാന്ത്. ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വലിയൊരു സംഘം താരത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫാന്‍ ക്ലബ്ബുകളില്‍ നിന്നും രാഷ്ട്രീയ അനുയായികളെ തെരഞ്ഞെടുക്കുന്നതിന് ജില്ലകള്‍ തോറും സമ്മേളനങ്ങള്‍ നടക്കുന്നുമുണ്ട്.

എംജിആറിന്റെ കാലത്ത് ഇത്തരം ഘടനാപരമായ നീക്കങ്ങള്‍ ആവശ്യമില്ലായിരുന്നു. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തോടെ അദ്ദേഹത്തിന്റെ മുഴുവന്‍ ഫാന്‍ ക്ലബ്ബുകളും സ്വാഭാവികമായി അനുയായികളായി മാറി.

അപ്രതീക്ഷിതമായിരുന്നു തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ എന്‍ടിആറിന്റെ രാഷ്ട്രീയപ്രവേശനവും. 600 ഓളം ഫാന്‍ ക്ലബ്ബുകള്‍ യുവസേനയായി മാറി. ആന്ധ്രാപ്രദേശിലെ 1983ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്‍ടിആറിനെ സഹായിച്ചതും ഈ കൂട്ടായ്മയായിരുന്നു.

രാഷ്ട്രീയപാര്‍ട്ടി എന്നതിലുപരി ഒരു എന്‍ജിഒ പോലെയാണ് കമലിന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് എന്നാണ് വിമര്‍ശകര്‍ പറയുന്നത്. ആരാധകരുടെ പിന്തുണയുണ്ടെങ്കിലും പാര്‍ട്ടി സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ രജനിയുടെ രാഷ്ട്രീയസാന്നിധ്യം ഇനിയും വെളിപ്പെട്ടിട്ടില്ല.

എല്ലാത്തിനുമുപരി വെറുമൊരു കൂട്ടം എന്നതിലുപരി രാഷ്ട്രീയബോധ്യമുള്ള, സംഘടിക്കാന്‍ ശേഷിയുള്ള അനുയായിക്കൂട്ടങ്ങളായി ആരാധകര്‍ മാറേണ്ടിയിരിക്കുന്നു. അതിന് അവര്‍ക്ക് മാതൃകയാകേണ്ടത് അവരുടെ നേതാക്കള്‍ തന്നെയാണ്.

റിപ്പോര്‍ട്ട്: അഞ്ജന മേരി പോള്‍

Top