കോഴിക്കോട് നഗരത്തില്‍ ഏഴുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലിലും തുടര്‍ അക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ കോഴിക്കോട് നഗരത്തില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്ന വ്യാജേന സമൂഹമാധ്യമങ്ങളിലൂടെയുള്ള ഹര്‍ത്താല്‍ ആഹ്വാനത്തിന്റെ മറവില്‍ സംസ്ഥാനത്ത് പലയിടത്തും കടയടപ്പിക്കലും വാഹനം തടയലും സംഘര്‍ഷവും അരങ്ങേറിയിരുന്നു. എസ്ഡിപിഐയുടെ നേതൃത്വത്തില്‍ രാവിലെ നടന്ന ഹര്‍ത്താലില്‍ വ്യാപക അക്രമസംഭവങ്ങള്‍ അറങ്ങേറിയിരുന്നു. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത് 900ത്തില്‍ അധികം പേരാണ്.

അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.

Top