ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ; ചെല്‍സിക്കും ടോട്ടനമിനും വന്‍ വിജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടത്തിനായി ഏറ്റുമുട്ടുന്ന ചെല്‍സിക്കും ടോട്ടനമിനും വന്‍ വിജയം.

ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ചെല്‍സി എവര്‍ട്ടനെ മടക്കമില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ടോട്ടനം ആഴ്‌സനലിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് മറികടന്നു.

എന്നാല്‍, മാഞ്ചസ്റ്റര്‍ ടീമുകളായ യുണൈറ്റഡിനും സിറ്റിക്കും പുറത്താകല്‍ ഭീഷണി നേരിടുന്ന ടീമുകള്‍ സമനിലയില്‍ കുരുക്കി. യുണൈറ്റഡിനെ പുറത്താകല്‍ ഭീഷണി നേരിടുന്ന സ്വാന്‍സിയും (1-1) സിറ്റിയെ മിഡില്‍സ്ബറോയുമാണ് (2-2) സമനിലയില്‍ തളച്ചത്.

ഏഴാം സ്ഥാനക്കാരായ എവര്‍ട്ടണെതിരെ ചെല്‍സിക്കുവേണ്ടി പെഡ്രൊ (66), കാഹില്‍ (79), വില്ല്യന്‍ (86) എന്നിവരാണ് ഗോളുകള്‍ നേടിയത്. യുണൈറ്റഡിനോടേറ്റ തോല്‍വിക്കുശേഷമുള്ള ചെല്‍സിയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇതോടെ 34 കളികളില്‍ നിന്ന് 81 പോയിന്റായി ചെല്‍സിക്ക്.രണ്ടാം സ്ഥാനത്തുള്ള ടോട്ടനമിനേക്കാള്‍ നാല് പോയിന്റ് മുന്നില്‍.

ആഴ്‌സണലിനെ രണ്ടാം പകുതിയില്‍ നേടിയ രണ്ട് ഗോളിന് തകര്‍ത്താണ് ടോട്ടനം കിരീടപ്പോരാട്ടത്തില്‍ ചെല്‍സിയെ വെല്ലുവിളിച്ചിരിക്കുന്നത്. അലി (55), പെനാല്‍റ്റിയില്‍ നിന്ന് കെയ്ന്‍ (58) എന്നിവരാണ് ഗോള്‍ നേടിയത്. ലിവര്‍പൂളിനോടേറ്റ തോല്‍വിക്കുശേഷമുള്ള തുടര്‍ച്ചയായ ഒന്‍പതാം ജയമാണിത്. 34 കളികളില്‍ നിന്ന് 77 പോയിന്റാണ് ടോട്ടനാമിനുള്ളത്.

ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമില്‍ നേടിയ പെനാല്‍റ്റി ഗോളില്‍ വിജയമുറപ്പിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ 79ാം മിനിറ്റില്‍ സിഗുര്‍ഡ്‌സണ്‍ നേടിയ ഗോളിലാണ് സ്വാന്‍സി സിറ്റി തളച്ചത്. റൂണിയാണ് പെനാല്‍റ്റി ഗോളിലൂടെ യുണൈറ്റഡിന് ലീഡ് നല്‍കിയത്.

34 കളികളില്‍ നിന്ന് 65 പോയിന്റുള്ള യുണൈറ്റഡ് ഇപ്പോള്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. സ്വാന്‍സിയാവട്ടെ 32 പോയിന്റുമായി പതിനെട്ടാമതും.

28 പോയിന്റുമായി 19ാം സ്ഥാനത്തുള്ള മിഡില്‍സ്ബറോയും പുറത്താകല്‍ ഭീഷണിയിലാണ്. നാലാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് അപ്രതീക്ഷിത കുരുക്കാണ് അവരിട്ടത്.

38ാം മിനിറ്റില്‍ നെഗ്രഡോയുടെ ഗോളില്‍ മിഡില്‍സ്ബറോയാണ് ആദ്യം ലീഡ് നേടിയത്. 69ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഗ്യുറോ സിറ്റിയെ ഒപ്പമെത്തിച്ചു. എന്നാല്‍, 77ാം മിനിറ്റില്‍ ചേംബേഴ്‌സ് മിഡില്‍സ്ബറോയെ വീണ്ടും മുന്നിലെത്തിച്ചു. എന്നാല്‍, 85ാം മിനിറ്റില്‍ ഡി ജീസസിന്റെ ഗോളില്‍ സിറ്റി സമനില കൊണ്ട് തടിതപ്പി.

34 കളികളില്‍ നിന്ന് 66 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി നാലാം സ്ഥാനത്താണ്.

Top