ആണവോര്‍ജ്ജ ഉല്‍പാദനം ഉയര്‍ത്താനായി 10 റിയാക്ടറുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് ആണവനിലയങ്ങള്‍ കൂടി സ്ഥാപിക്കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ അനുമതി നല്‍കി.

രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലാവും പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കുക.

700 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള ഈ റിയാക്ടറുകള്‍ യുറേനീയവും ജലവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാണ്. 70,000 കോടി രൂപയാണ് ഇവയുടെ നിര്‍മ്മാണചിലവായി പ്രതീക്ഷിക്കുന്നത്.

ആന്ധ്രാപ്രദേശിലെ കടപ്പാ ജില്ലയില്‍ വന്‍തോതിലുള്ള യുറേനിയം നിക്ഷേപയോഗിച്ച് കുറഞ്ഞ ചിലവില്‍ ആണവോര്‍ജ്ജം നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

പുതിയ ആണവനിലയങ്ങള്‍ കൂടി സ്ഥാപിക്കുന്നതോടെ 2022ല്‍ ഇന്ത്യയുടെ ആണവോര്‍ജ്ജ ഉല്‍പാദനം 20,000 മെഗാവാട്ടാക്കി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

ആണവനിലയങ്ങളുടെ നടത്തിപ്പില്‍ കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി ഇന്ത്യയ്ക്കുള്ള മികവ് കൂടുല്‍ വികസിപ്പിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2032ഓടെ 63 ജിഗാവാട്ട് ഉല്‍പാദനശേഷി കൈവരിക്കാനാണ് ആണവോര്‍ജ്ജവകുപ്പ് ലക്ഷ്യമിടുന്നത്.

Top