തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിന് കേന്ദ്രാനുമതി

ന്യൂഡല്‍ഹി: തിരുവനന്തപുരം-കന്യാകുമാരി റെയില്‍പാത ഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ സാമ്പത്തികകാര്യസമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്.

നാല് വര്‍ഷംകൊണ്ട് ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 86.56 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്. 15552.94 കോടി ചിലവഴിച്ചാണ് പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും നടത്തുന്നത്. 2020 – 21 ഓടെ ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകും. 20.77 ലക്ഷം തൊഴില്‍ ദിനങ്ങള്‍ നിര്‍മ്മാണ പ്രവര്‍ത്തനംമൂലം സൃഷ്ടിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തീവണ്ടികളുടെ വേഗം വര്‍ധിപ്പിക്കാനും പുതിയ തീവണ്ടികള്‍ ഓടിക്കാനും ഇതുമൂലം കഴിയും. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം 2019-ല്‍ പൂര്‍ത്തിയാകുന്നതോടെ ചരക്ക് ഗതാഗതത്തില്‍ 30 ശതമാനത്തോളം വര്‍ധനയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതടക്കമുള്ള വസ്തുതകള്‍ പരിഗണിച്ചാണ് പാത ഇരട്ടിപ്പിക്കാനൊരുങ്ങുന്നത്.

Top