Cabinet Approves Amendments in Motor Vehicle Act 2016

ന്യൂഡല്‍ഹി: വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹനനിയമത്തിലെ നടപടികള്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍.

പുതിയ ഭേദഗതി പ്രകാരം മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴയും, മദ്യപിച്ചുള്ള ഡ്രൈവിംഗ് ആരുടെയെങ്കിലും മരണത്തിന് ഇടയാക്കുകയാണെങ്കില്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാനും, 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാനുമുള്ള കുറ്റമായി മാറും. മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതികള്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

മദ്യപിച്ചുള്ള ഡ്രൈവിംഗ് മരണത്തിനിടയാക്കുകയാണെങ്കില്‍ അത് കൈ അബദ്ധമായി കണക്കാക്കില്ല, ആസൂത്രണം ചെയ്തുള്ള കൊലപാതകമായാണ് കണക്കാക്കുക. ഐപിസി പ്രകാരമുള്ള ശിക്ഷയായിരിക്കും കുറ്റവാളിക്ക് ലഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

മദ്യപിച്ച് വാഹനമോടിക്കല്‍ കൊലപാതകത്തിന് തുല്യമായ ശിക്ഷയായി കണക്കാക്കി നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാലും പുതിയ ഭേദഗതി പ്രകാരം കുറ്റമാണ്. കുട്ടികള്‍ വാഹനം ഓടിച്ച് അപകടം ഉണ്ടായാല്‍ മാതാപിതാക്കള്‍ക്ക് മൂന്ന് വര്‍ഷം തടവും, 25000 രൂപ പിഴയും ചുമത്താവുന്നതാണ്.

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റില്ലെങ്കില്‍ 1000 രൂപ പിഴയും, മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സീറ്റ് ബെല്‍റ്റില്ലെങ്കിലും സമാനമായ ശിക്ഷ തന്നെയായിരിക്കും.വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പിഴ തുക 1000 രൂപയില്‍ നിന്നും 5000 രൂപയാക്കി ഉയര്‍ത്തി.

റോഡ് അപകടങ്ങളിലെ ഇരകള്‍ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം, ഗുരുതര പരിക്കിന് 5 ലക്ഷം രൂപ വരെയും നഷ്ടപരിഹാരം നല്‍കണം. ഇത് മുന്‍പ് ഇത് 50,000, 25000 വീതമായിരുന്നു.ഇന്‍ഷൂറന്‍സിലെ പരമാവധി ബാധ്യത, മരണം സംഭവിക്കുകയാണെങ്കില്‍ 10ലക്ഷം രൂപയും, ഗുരുതര പരിക്കിന് 5 ലക്ഷം രൂപയുമാക്കി.

Top