സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം മുഖ്യമന്ത്രിയുടെ ഉറപ്പില്‍

bus

തിരുവനന്തപുരം: സംസ്ഥാനത്ത് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് മുഖ്യമന്ത്രിയുമായി ബസുടമകള്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് സമരം പിന്‍വലിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് മാനിക്കുന്നു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാവാമെന്ന് ഉറപ്പുകിട്ടിയെന്നും ബസുടമകള്‍ അറിയിച്ചു.

നേരത്തെ, ബസുടമകള്‍ സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യാത്രാനിരക്ക് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. മിനിമം ചാര്‍ജ് എട്ടു രൂപയാക്കിയാണ് പുതുക്കി നിശ്ചയിച്ചത്.

എന്നാല്‍, ഇത് അപാര്യപ്തമാണെന്നും ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബസുടമകള്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുകയായിരുന്നു.

Top