കലൂരില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവം; അന്വേഷിക്കാന്‍ ഉന്നതതല സമിതി

collector_safeerulla

കൊച്ചി: കലൂര്‍ മെട്രോ സ്റ്റേഷനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നു വീണ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്.

സംഭവത്തെക്കുറിച്ചു പ്രാഥമികാന്വേഷണം നടത്തിയ സാങ്കേതിക സമിതിയുടെ ഉള്‍പ്പെടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്. ദുരന്ത നിവാരണ നിയമത്തിലെ മുപ്പതാം വകുപ്പ് പ്രകാരമാണ് സമിതി രൂപീകരിച്ചത്. ഒരാഴ്ചയ്ക്കകം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കലക്ടറുടെ ഉത്തരവ്. കെട്ടിടം തകരാനുള്ള കാരണം, കെട്ടിട നിര്‍മാണത്തിനു ലഭിച്ചിട്ടുള്ള അനുമതികള്‍, തുടര്‍നിര്‍മാണത്തിന്റെ സാധ്യത, കെട്ടിടത്തിന്റെ പ്രാഥമിക രൂപരേഖ എന്നിവയാണ് നടപടിക്രമ സമിതി പരിശോധിക്കുക.

ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടര്‍ പി.ഡി. ഷീലാദേവി, സീനിയര്‍ ടൗണ്‍പ്ലാനര്‍ പി.ആര്‍. ഉഷാകുമാരി, മൈനിങ് ആന്റ് ജിയോളജി വകുപ്പിലെ ജിയോളജിസ്റ്റ് കൃഷ്ണേന്ദു, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ റജീനബീവി, എമരിറ്റസ് പ്രഫസര്‍ ഡോ. ബാബു.ടി.ജോസ്, സ്ട്രക്ചറല്‍ എന്‍ജിനീയറിങ് വിദഗ്ധന്‍ ഡോ. അനില്‍ ജോസഫ് എന്നിവരാണു സമിതിയിലെ അംഗങ്ങള്‍.



Related posts

Back to top