ജിയോയെ വെല്ലാന്‍ ബിഎസ്എന്‍എല്‍ ; രണ്ടായിരത്തിന്‌ സൗജന്യ വോയിസ് കോള്‍

കൊച്ചി: റിലയന്‍സ് ജിയോ 4 ജി ഫോണുമായി മത്സരിക്കാന്‍ രണ്ടായിരം രൂപയ്ക്ക് ആകര്‍ഷകമായ ഫീച്ചര്‍ഫോണുമായി ബിഎസ്എന്‍എല്‍ വരുന്നു.

മൈക്രോമാക്‌സ്, ലാവ പോലുള്ള ഇന്ത്യന്‍ മൊബൈല്‍ ബ്രാന്‍ഡുകളുമായി സഹകരിച്ചായിരിക്കും ബിഎസ്എന്‍എല്‍ പുതിയ ഫോണ്‍ പുറത്തിറക്കുക.

ഒക്‌റ്റോബര്‍ പകുതിയോടെ പുതിയ ഫോണ്‍ പുറത്തിറങ്ങുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ ഒരഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി സഹകരിച്ച് കോ ബ്രാന്‍ഡഡ് ഫോണുകളാകും ബിഎസ്എന്‍എല്‍ പുറത്തിറക്കുക.

രണ്ടായിരം രൂപയില്‍ താഴെ വിലയുള്ള ഈ ഫീച്ചര്‍ ഫോണുകളുടെ പ്രധാന ആകര്‍ഷണം സൗജന്യ വോയ്‌സ് കോളുകളായിരിക്കും.  വോയ്‌സ് കോളിംഗിന് ഇന്ത്യയില്‍ ഇന്ന് നിലവിലുള്ളതില്‍ ഏറ്റവും മികച്ച പാക്കേജായിരിക്കും ഫീച്ചര്‍ഫോണിലൂടെ ബിഎസ്എന്‍എല്‍ നല്‍കുക.

റിലയന്‍സ് ജിയോ 4ജി ഫോണുകള്‍ ഈ മാസം അവസാനത്തോടെ ഉപഭോക്താക്കളിലേക്കെത്താനിരിക്കെയാണ് തൊട്ടുപിന്നാലെ ബി എസ് എന്‍ എല്‍ പുതിയ ഫോണുമായി വരുന്നത്.

ബി എസ് എന്‍ എല്ലിന് ഇനിയും ഉപഭോക്താക്കള്‍ക്ക് 4ജി സര്‍വീസ് നല്‍കാനായിട്ടില്ലെന്നതിനാല്‍ പുതിയ ഫോണില്‍ 4ജി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. അതേസമയം റിലയന്‍സ് പുറത്തിറക്കുന്നത് മികച്ച ഡാറ്റാ ഓഫറുള്ള 4ജി ഫോണാണെങ്കിലും ടച്ച് സ്‌ക്രീന്‍ ഇല്ലാത്ത ഫീച്ചര്‍ ഫോണാണ് ഇതെന്നത് ബി എസ് എന്‍ എല്ലിന്റെ ഫീച്ചര്‍ഫോണിന് വിപണിയില്‍ മത്സര സാധ്യത നല്‍കുന്നു.

റിലയന്‍സുമായുള്ള മത്സരത്തില്‍ എയര്‍ടെല്ലും വൊഡാഫോണും ഐഡിയയും പതറി നില്‍ക്കുമ്പോള്‍ ആകര്‍ഷകമായ പ്ലാനുകളുമായി ബി എസ് എന്‍ എല്‍ മാത്രമാണ് ഒപ്പത്തിനൊപ്പം മുന്നേറുന്നത്. ദീപാവലി വേളയില്‍ റിലയന്‍സ് ജിയോ പോലെ വിലകുറഞ്ഞ 4 ജി സ്മാര്‍ട്ട്‌ഫോണ്‍ ഭാരതി എയര്‍ടെല്ലും വിപണിയില്‍ അവതരിപ്പിക്കുമെന്ന് സൂചനയുണ്ട്.

ചൈനീസ് മൊബൈല്‍ ഫോണുകളുടെ തള്ളിക്കയറ്റത്തില്‍പെട്ട് വിപണി ഇടിഞ്ഞ ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ കമ്പനികള്‍ക്കും ബിഎസ്എന്‍എല്ലിന്റെ പുതിയ പാക്കേജ് വളരെ പ്രധാനമാണ്.

 

Top