ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു

bsnl

തിരുവനന്തപുരം: ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ്.

ജിയോ അടക്കമുള്ള കമ്പനികള്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിക്കുന്നതിനാണ് നെറ്റ് വേഗത ഉയര്‍ത്താന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചിരിക്കുന്നത്.

നവംബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ എത്തും.

ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസ് ആക്കിയാണ് മാറ്റുന്നത്.

എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകള്‍ 10 എം.ബി.പി.എസിലേക്കുമാണ് ഉയര്‍ത്താന്‍ ഒരുങ്ങുന്നത്.

പുതിയ വേഗത്തിലേക്കു ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ഉയര്‍ത്താന്‍ എല്ലാ സര്‍ക്കിളുകള്‍ക്കും നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

നിരക്കില്‍ വ്യത്യാസം ഉണ്ടാകുന്നില്ലാത്തതിനാല്‍ ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനൊപ്പം കൂടുതല്‍ പേരെ ആകര്‍ഷിക്കാനും സാധിക്കും.

249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ രണ്ട് എം.ബിയാണ് ഇപ്പോഴത്തെ വേഗം. ഇത് എട്ട് എം.ബിയായി മാറും.

മാസത്തില്‍ അഞ്ച് ജി.ബിയുടെ ഫെയര്‍ യൂസേജ് പരിധി അങ്ങനെ തന്നെ നിലനില്‍ക്കും.

അഞ്ച് ജി.ബിക്ക് ശേഷം ഒരു എം.ബി.പി.എസ് ആയിരിക്കും വേഗത.

എന്നാല്‍ എല്ലാ പ്ലാനുകളിലും ഫെയര്‍ യൂസേജ് പരിധി കഴിഞ്ഞാല്‍ ഒരു എം.ബി.പി.എസ് ആയി വേഗത കുറയും.

ഫെയര്‍ യൂസേജില്‍ വര്‍ദ്ധനവ് വരില്ല. നിലവില്‍ എട്ട് എം.ബി.പി.എസ് വേഗത ലഭിച്ചിരുന്ന പ്ലാനുകള്‍ 10 എം.ബി.പി.എസിലേക്ക് ഉയര്‍ത്തും.

Top