പിന്‍ ഡിസ്‌ക് ബ്രേക്ക് കരുത്തില്‍ ബജാജ് പള്‍സര്‍ എന്‍ എസ് 160 വിപണിയിലെത്തി

പിന്‍ ഡിസ്‌ക് ബ്രേക്കുമായി ബജാജ് പള്‍സര്‍ എന്‍ എസ് 160 വിപണിയില്‍. 82,630 രൂപയാണ് ബജാജ് പള്‍സര്‍ എന്‍ എസ് 160 -യുടെ പുതിയ ഇരട്ട ഡിസ്‌ക് ബ്രേക്ക് വകഭേദത്തിന് വിലയുള്ളത്. സാധാരണ പള്‍സര്‍ എന്‍ എസ് 160 മോഡലിനെക്കാളും 2,000 രൂപ കൂടുതലാണിത്. ഒറ്റ ഡിസ്‌ക് ബ്രേക്ക് മാത്രം ഒരുങ്ങുന്ന സ്റ്റാന്‍ഡേര്‍ഡ് പള്‍സര്‍ എന്‍ എസ് 160 -യ്ക്ക് 80,500 രൂപയാണ് വിലയുള്ളത്.

പിന്‍ ഡിസ്‌ക് ബ്രേക്ക് ലഭിച്ചതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും ബജാജ് പള്‍സര്‍ എന്‍ എസ് 160 അവകാശപ്പെടുന്നില്ല. നിലവിലുള്ള മോഡലിന്റെ രൂപഭാവവും സ്പോര്‍ടി ശൈലിയുമാണ് പുതിയ എന്‍ എസ് 160 പിന്തുടരുന്നത്. മുതിര്‍ന്ന പള്‍സര്‍ എന്‍ എസ് 200 മോഡലാണ് പള്‍സര്‍ എന്‍ എസ് 160 -യ്ക്ക് ആധാരം. എന്‍ എസ് 160 -യുടെ ഹെഡ്ലാമ്പ്, ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 12 ലിറ്റര്‍ ഇന്ധനടാങ്ക്, ടെയില്‍ലാമ്പ് എന്നിവയെല്ലാം പള്‍സര്‍ എന്‍ എസ് 200 -ല്‍ നിന്നും ബജാജ് കടമെടുത്തതാണ്.

വിഭജിച്ച സീറ്റ് ഘടനയാണ് ബൈക്കിന് ലഭിക്കുന്നത്. പിന്‍ ടയറിലും ഡിസ്‌ക് ബ്രേക്ക് സംവിധാനം ഒരുങ്ങുന്നതോടു കൂടി പുതിയ മോഡല്‍ രണ്ടു കിലോയോളം ഭാരം കൂടുതല്‍ രേഖപ്പെടുത്തും. 160.3 സിസി ഓയില്‍ കൂള്‍ഡ് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ എന്‍ എസ് 160 -യില്‍ തുടിക്കുന്നത്.

എഞ്ചിന്‍ 15.5 ബിഎച്ച് പി കരുത്തും 14.6 എന്‍ എം ടോര്‍ക്വും പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്സിനുള്ളത്. ബോക്സ് സെക്ഷന്‍ സ്വിംഗ്ആം ഒരുങ്ങുന്ന സ്റ്റീല്‍ പെരിമീറ്റര്‍ ഫ്രെയിമാണ് എന്‍ എസ് 160 -യില്‍ ബജാജ് ഉപയോഗിക്കുന്നത്.

Top