ബിഎസ് 4 വാഹനങ്ങളുടെ ആയുസ് 2020 വരെ ; ഉത്പാദനവും രജിസ്‌ട്രേഷനും നിര്‍ത്തലാക്കുന്നു

ബിഎസ് 4 വാഹനങ്ങളുടെ ആയുസ് 2020 വരെയെന്ന് കേന്ദ്രം വ്യക്തമാക്കി.

2020 പകുതിയോടെ ബിഎസ് 4 വാഹനങ്ങളുടെ ഉത്പാദനവും രജിസ്‌ട്രേഷനും നിര്‍ത്തലാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി കേന്ദ്ര മോട്ടോര്‍ വാഹന നിയമഭേദഗതി വരുന്നതായാണ് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ചുള്ള ഭേദഗതികള്‍ ഉള്‍പ്പെടുത്തിയുള്ള വിജ്ഞാപനത്തിന്റെ കരടുരേഖ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

കരടുരേഖ പ്രകാരം രാജ്യത്ത് ബിഎസ് 4 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 2020 ജൂണ്‍ 30 ഓടെ അവസാനിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ഏപ്രില്‍ ഒന്നിനു മുന്‍പ് പുറത്തിറക്കിയ ബിഎസ് 4 ചരക്കു വാഹനങ്ങളും പൊതുഗതാഗത വാഹനങ്ങളും 2020 സെപ്റ്റംബര്‍ 30നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനു മുന്നോടിയായി ഓഹരി ഉടമകളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും.

2017 ഡിസംബര്‍ 20നു മുന്‍പ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കേണ്ടതാണ്. നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അന്തിമ വിജ്ഞാപനം പിന്നീടായിരിക്കും പുറപ്പെടുവിക്കുക.

Top