breaking p krishnadas bail vadakkanchery court

തൃശൂര്‍: ലക്കിടി നെഹ്‌റു കോളേജ് വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തള്ളി.

വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.

കേസിലെ മറ്റു പ്രതികളായ വത്സകുമാര്‍, ഗോവിന്ദന്‍കുട്ടി എന്നിവര്‍ക്കും ജാമ്യം നല്‍കിയില്ല. ആറാം പ്രതി സുകുമാരനു മാത്രമാണ് വടക്കാഞ്ചേരി കോടതി ജാമ്യം അനുവദിച്ചത്.

മൂന്നാംപ്രതിയും കോളേജ് നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ കഴിഞ്ഞദിവസം ജാമ്യം അനുവദിച്ചിരുന്നു.

കൃഷ്ണദാസ് അടക്കമുള്ളവരുടെ അറസ്റ്റ് പൊതുജനങ്ങളെയും മാധ്യമങ്ങളെയും തൃപ്തിപ്പെടുത്താനുള്ള പൊലീസിന്റെ നാടകമാണെന്നും പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന ജാമ്യമില്ലാ വകുപ്പുകള്‍ നിലനില്‍ക്കില്ലന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

എന്നാല്‍ കോളേജിനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിയെ ഉപദ്രവിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

സമൂഹത്തില്‍ സ്വാധീനമുള്ള പ്രതികള്‍ കേസ് അട്ടിമറിക്കുമെന്നും ആയതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.

പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.

Top