Breaking-Minister A. K SASINDRAN likely to quit

തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണത്തെ കുറിച്ച് പൊലീസ് സമഗ്രമായ അന്വേഷണം നടത്തും.

മുഖ്യമന്ത്രി ഇടപെട്ട് ഇതു സംബന്ധമായ നിര്‍ദ്ദേശം ഡിജിപിക്ക് നല്‍കി. എല്ലാ വശവും പരിശോധിച്ചശേഷമായിരിക്കും നടപടിയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ചാനല്‍ പുറത്തുവിട്ട വാര്‍ത്തയുടെ ആധികാരികത പരിശോധിക്കുന്നതോടൊപ്പം ഏതെങ്കിലും തരത്തിലുള്ള ഗൂഡാലോചന ഇതിനു പിന്നിലുണ്ടോ എന്നതും പൊലീസ് പരിശോധിക്കും.

മന്ത്രി അശ്ലീലമായി സംസാരിച്ചുവെന്ന് സംഭാഷണത്തില്‍ നിന്നും വ്യക്തമാവുന്ന സ്ത്രീയുടെ അടുത്ത് നിന്നും മൊഴി രേഖപ്പെടുത്തും.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകും മുന്‍പ് തന്നെ അഴിമതി ആരോപണത്തില്‍പ്പെട്ട് മന്ത്രി ഇ പി ജയരാജന്‍ രാജിവച്ചതിനാല്‍ പിന്നാലെ ശശീന്ദ്രന്‍ കൂടി രാജിവച്ചത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്.

പൊതുവെ ശാന്തനും ക്ലീന്‍ ഇമേജുള്ള മന്ത്രിയുമാണ് ശശീന്ദ്രനെന്നതിനാല്‍ പുറത്തു വന്ന വിവരങ്ങള്‍ ഇടതു നേതാക്കള്‍ക്ക് പോലും വിശ്വസിക്കാന്‍ കഴിയുന്നില്ലന്നതാണ് യഥാര്‍ത്ഥ്യം.

മുന്നണിക്ക് അപമാനമായി മാറികൊണ്ടിരിക്കുന്ന സംഭവത്തില്‍ എത്രയും പെട്ടന്ന് അന്വേഷണം പൂര്‍ത്തീകരിക്കണമെന്നും തുടര്‍ നടപടി വേണമെന്നുമുള്ള നിലപാടിലാണ് ഇടതു നേതൃത്യം. പിന്നില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും പുറത്തുകൊണ്ടുവരണമെന്ന് എന്‍.സി.പി നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.

മലപ്പുറം ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പൊതു സമൂഹത്തിന് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ പറ്റിയില്ലങ്കില്‍ വലിയ തിരിച്ചടിയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് കണ്ടുകൂടിയാണ് മന്ത്രിയുടെ രാജി.

പുറത്ത് വന്ന വാര്‍ത്ത സംബന്ധമായി മുഖ്യമന്ത്രിക്ക് ഗതാഗത വകുപ്പ് മന്ത്രി ശശീന്ദ്രന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

പരാതിക്കാരിയായ സ്ത്രീയോട് ഫോണിലൂടെ ലൈംഗിക വൈകൃത സംഭാഷണം നടത്തുന്നതായ തരത്തിലുള്ള സംഭാഷണമാണ് മംഗളം ചാനല്‍ ഞായറാഴ്ച പുറത്തുവിട്ടത്.

Top