നികുതി വെട്ടിപ്പ് ; ലയണല്‍ മെസ്സിക്ക് 21 മാസത്തെ തടവുശിക്ഷ

messi

സ്‌പെയിന്‍: നികുതി വെട്ടിപ്പ് കേസില്‍ അര്‍ജന്റീന ഫുട്‌ബോള്‍താരം ലയണല്‍ മെസ്സിയുടെ തടവുശിക്ഷ ശരിവച്ചു. സ്‌പെയിന്‍ സുപ്രീം കോടതിയാണ് ശിക്ഷ ശരിവച്ചത്. 21 മാസത്തെ തടവു ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.

നികുതിവെട്ടിപ്പു കേസില്‍ സ്‌പെയിനിലെ കോടതി മെസ്സിക്ക് 21 മാസം തടവും 20 ലക്ഷം യൂറോ (ഏകദേശം 13.2 കോടിരൂപ) പിഴയും നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ഈ വിധിയാണ് ഇപ്പോള്‍ മേല്‍ കോടതി ശരിവച്ചിരിക്കുന്നത്.

മെസ്സിയുടെ പിതാവ് ജോര്‍ജി ഹൊറാസിയോയ്ക്കും 21 മാസം തടവും 15 ലക്ഷം യൂറോ (ഏകദേശം 11.4 കോടി രൂപ) പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.

സ്പാനിഷ് ലാ ലിഗ ക്ലബ് ബാര്‍സിലോന താരമായ മെസ്സി 2007നും 2009നുമിടക്ക് 41 ലക്ഷം യൂറോയുടെ നികുതിവെട്ടിപ്പ് നടത്തി ഉറുഗ്വായിലും ബെലീസിലും കള്ളപ്പണം നിക്ഷേപിച്ചെന്നാണ് കേസ്. നികുതി വെട്ടിക്കാനായിട്ടാണ് ഈ നിക്ഷേപം നടത്തിയത്. തെറ്റായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കേസില്‍ കുടുങ്ങിയതിനാല്‍ അമ്പത് ലക്ഷം യൂറോ മെസ്സി നികുതിയായി പിന്നീട് അടച്ചിരുന്നു.

പിതാവിനെയും അഭിഭാഷകനെയും വിശ്വസിച്ച് രേഖകളില്‍ ഒപ്പിട്ടതാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു വിചാരണയില്‍ മെസ്സി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കാതിരുന്ന മെസ്സി ചതിക്കപ്പെടുകയായിരുന്നുവെന്ന വിവരവും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍താരമാണ് ലയണല്‍ മെസ്സി. കേരളത്തില്‍പോലും വലിയ ആരാധകപ്പടയാണ് മെസ്സിക്കുള്ളത്. അതുകൊണ്ട് തന്നെ ലോകം മുഴുവനുമുള്ള ആരാധകരെ ഞെട്ടിക്കുന്നതാണ് ഈ വാര്‍ത്ത.

Top