breaking judicial enquiry against ak sasindran

pinarayi

തിരുവനന്തപുരം: എ.കെ. ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.

വിശദാംശങ്ങള്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റമേറ്റെടുത്തല്ല ശശീന്ദ്രന്‍ രാജിവെച്ചതെന്നും ധാര്‍മികത ഏറ്റെടുത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് അന്വേഷണം തീരുമാനിച്ചത്.

എന്നാല്‍ ആരോപണത്തെക്കുറിച്ചു പരാതി ലഭിച്ചിട്ടില്ലെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു.

അതേസമയം ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാജിവച്ച എ.കെ.ശശീന്ദ്രന്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. തനിക്കെതിരായ ആരോപണം അസ്വാഭാവികമാണെന്ന് അദ്ദേഹം പിണറായിയെ അറിയിച്ചു.

മന്ത്രിസ്ഥാനമല്ല, നിരപരാധിത്വം തെളിയിക്കലാണ് പ്രധാനം. രാജിവച്ചത് നല്ല കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിനാണെന്നും മുഖ്യമന്ത്രിയെ കണ്ടതിനുശേഷം ശശീന്ദ്രന്‍ പറഞ്ഞു.

ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ഏതു തരത്തിലുള്ള അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. നിര്‍ദേശങ്ങളൊന്നും താന്‍ മുന്നോട്ടുവച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം മംഗളം ടിവി ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തുനിന്നും രാജി വെച്ചത്.

Top