ഓണമിങ്ങെത്തി, ഒപ്പം റേഞ്ച് റോവര്‍ വെലാറും എത്തും ; ബുക്കിംങ് ആരംഭിച്ചിരിക്കുന്നു

ന്യൂഡല്‍ഹി: ഈ ഉത്സവ കാലത്ത് റേഞ്ച് റോവര്‍ വെലാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇതിനോടനുബന്ധിച്ച് ഈ എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അടുത്ത മാസം 21 നാണ് കാറിന്റെ വില ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

തുടര്‍ന്ന് അധികം വൈകാതെ റേഞ്ച് റോവര്‍ വെലാര്‍ പുറത്തിറക്കും.

റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്, റേഞ്ച് റോവര്‍ ഇവോക്ക് എന്നിവയുടെ ഇടയിലായിരിക്കും പുതിയ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാറിന്റെ സ്ഥാനം.

80 ലക്ഷത്തിനും ഒരു കോടി രൂപയ്ക്കുമിടയിലായിരിക്കും എക്‌സ് ഷോറൂം വിലയെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വെലാര്‍ നാല് വേരിയന്റുകളിലാണ് അവതരിപ്പിക്കുന്നത്. 10 ഇഞ്ച് (25.4 സെന്റി മീറ്റര്‍) ടച്ച്‌സ്‌ക്രീന്‍ ഫീച്ചര്‍ സഹിതം ടച്ച് പ്രോ ഡുവോ എന്ന പുതിയ ഇന്‍കണ്‍ട്രോള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം റേഞ്ച് റോവര്‍ വെലാറിന്റെ സവിശേഷതയാണ്.

ഡ്രൈവിംങ് ഇന്‍ഫര്‍മേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, നാവിഗേഷന്‍, ഫോണ്‍, മീഡിയ എന്നിവ ഉള്‍പ്പെടുന്ന 12.3 ഇഞ്ച് ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേ, വിന്‍ഡ്‌സ്‌ക്രീനില്‍ വാഹനത്തിന്റെ വേഗം, ഗിയര്‍ നില, നാവിഗേഷന്‍ ദിശകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന കളേഡ് ഹെഡ് അപ്പ് ഡിസ്‌പ്ലേ (എച്ച്‌യുഡി) എന്നിവയാണ് വെലാറിന്റെ പ്രധാന പ്രത്യേകതകള്‍.

മാത്രമല്ല, ഉയര്‍ന്ന വേരിയന്റുകളില്‍ 22 ഇഞ്ച് 9 സ്പ്ലിറ്റ്‌സ്‌പോക് അലോയ് വീലുകളും മാട്രിക്‌സ്‌ലേസര്‍ എല്‍ഇഡി ഹെഡ്‌ലാംപുകളും ഉണ്ടായിരിക്കും. റെയ്ന്‍ സെന്‍സിംഗ് വൈപ്പറുകള്‍, ടെയ്ല്‍ഗേറ്റില്‍ ഘടിപ്പിച്ച സ്‌പോയ്‌ലര്‍, ഫഌ് ഡിപ്ലോയബ്ള്‍ ഡോര്‍ ഹാന്‍ഡിലുകള്‍, ഹീറ്റഡ് എക്സ്റ്റീരിയര്‍ മിററുകള്‍ എന്നിവ സ്റ്റാന്‍ഡേഡായി ലഭിക്കും.

എല്‍ഇഡി ക്വാഡ് ടെയ്ല്‍ ലാംപുകള്‍ എസ്‌യുവിയുടെ പിന്‍വശത്ത് കാണാം. ഇന്‍ട്രൂഷന്‍ സെന്‍സര്‍, എമര്‍ജന്‍സി ബ്രേക് അസ്സിസ്റ്റ്, ആറ് എയര്‍ബാഗുകള്‍ എന്നീ സുരക്ഷാ സംവിധാനങ്ങള്‍ സ്റ്റാന്‍ഡേഡായി ലഭിക്കും.

2.0 ലിറ്റര്‍ ഇന്‍ജിനിയം 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് (ഡി180) വേലാറിന് നല്‍കിയിരിക്കുന്നത്. 177 എച്ച്പി പവറും 430 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറപ്പെടുവിക്കും.

ഉയര്‍ന്ന ഡീസല്‍ വേരിയന്റുകള്‍ക്ക് 3.0 ലിറ്റര്‍ വി6 ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ (ഡി300) കരുത്ത് പകരും. ഈ എന്‍ജിന്‍ 296 എച്ച്പി കരുത്തും 700 എന്‍എം പരമാവധി ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

പെട്രോള്‍ വേരിയന്റുകളിലെ പി250 ഇന്‍ജിനിയം 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 246 എച്ച്പി കരുത്തും 365 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എല്ലാ എന്‍ജിനുകളുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

Top