നൈജീരിയയില്‍ ഇരട്ട ചാവേറാക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു

അബുജ: വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഇരട്ട ചാവേറാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ബോകോഹറാം തീവ്രവാദികളുടെ വിഹാരകേന്ദ്രമായിരുന്ന ഇവിടെനിന്ന് സുരക്ഷ കണക്കിലെടുത്ത് തദ്ദേശവാസികളെ ഒഴിപ്പിച്ചിരുന്നു. അവരോട് മടങ്ങിയെത്താന്‍ സൈനിക മേധാവി ആഹ്വാനം ചെയ്തയുടനാണ് ആക്രമണം. ബോര്‍ണോ പ്രവിശ്യയിലെ ദംപോവയിലാണ് ആക്രമണം നടന്നത്.

ആക്രമണത്തിന് പിന്നില്‍ ബോകോഹറാം തീവ്രവാദികളാണെന്ന് കരുതുന്നു. ബോര്‍ണോ, ഛാദ് പ്രവിശ്യകളില്‍ ബോകോഹറാമിനെ തുരത്താന്‍ കഴിഞ്ഞ നാലുമാസമായി സൈന്യം ഓപറേഷന്‍ തുടരുകയാണ്. പ്രവിശ്യയിലെ ശുവാരി, അബചരി നഗരങ്ങളില്‍ ഈദ് ആഘോഷിച്ചവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്.

ചാവേറാക്രമണത്തിനു പിന്നാലെ റോക്കറ്റാക്രമണവും നടന്നു. രാജ്യത്ത് ഒമ്പതു വര്‍ഷമായി തുടരുന്ന ബോകോഹറാമിന്റെ ആക്രമണത്തെ തുടര്‍ന്ന് 17 ലക്ഷം ആളുകള്‍ സ്വന്തം വീട് വിട്ടുപോകാന്‍ നിര്‍ബന്ധിതരായെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്.

Top