ബിഎംഡബ്ല്യു 8 സീരീസ് കൂപ്പയെ ലോകത്തിന് മുന്നില്‍ പ്രൗഢമായി കാഴ്ചവെച്ച് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍

BMW

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ലോകത്തിന് മുന്നില്‍ ബിഎംഡബ്ല്യു 8 സീരീസ് കൂപ്പെയെ പ്രൗഢമായി കാഴ്ചവെച്ച് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. തൊണ്ണൂറുകളില്‍ പിറന്ന ബിഎംഡബ്ല്യു 8 സീരീസിന്റെ പിന്‍തലമുറക്കാരനാണ് പുതിയ 2019 ഗ്രാന്‍ഡ് ടൂറര്‍ പതിപ്പ്. M850i വകഭേദത്തില്‍ ഒരുങ്ങിയ പുതിയ 8 സീരീസ് കൂപ്പെയുടെ ടീസറുകള്‍ നാളുകള്‍ക്ക് മുമ്പെ ബിഎംഡബ്ല്യു പുറത്തുവിട്ടിരുന്നു.

പുതുതലമുറ ബിഎംഡബ്ല്യു മോഡലുകളിലുള്ള ഡെയ്ടൈം റണ്ണിംഗ് ലൈറ്റ് ക്ലസ്റ്ററും മൂര്‍ച്ചയേറി നില്‍ക്കുന്ന ഹെഡ്ലാമ്പുകളും ഡിസൈനില്‍ ആദ്യം ശ്രദ്ധയാകര്‍ഷിക്കും. രൂപഭാവത്തില്‍ വലിയ മാറ്റങ്ങളൊന്നും 2019 ബിഎംഡബ്ല്യു 8 സീരീസ് അവകാശപ്പെടുന്നില്ല. എന്നാല്‍ കിഡ്നി ഗ്രില്ലുകളില്‍ ഇക്കുറി പുതുമ അനുഭവപ്പെടും.

BMW-8

പിറകില്‍ രണ്ടു പേര്‍ക്കു ഇരിക്കാന്‍ പറ്റും. 19 ഇഞ്ച് അഞ്ചു സ്പോക്ക് അലോയ് വീലുകളിലാണ് കാര്‍ ഓടുക. 20 ഇഞ്ച് വീലുകള്‍ ഓപ്ഷനല്‍ ഫീച്ചറായി ലഭ്യമാണ്.

ബമ്പറുകളിലാണ് 8 സീരീസിന്റെ യഥാര്‍ത്ഥ ചാരുത. ബമ്പറുകള്‍ പ്രൗഢമാണ്, അതുപോലെ തന്നെ സ്പോര്‍ടിയും. വലിയ എയര്‍ ഡാമുകളും വളഞ്ഞൊഴുകുന്ന വരകളും ബമ്പറില്‍ എടുത്തുപറയണം. ബോണറ്റില്‍ ചെറിയ എയറോഡൈനാമിക് ഘടനകള്‍ കാണാം.

ടയറുകളില്‍ കുടങ്ങുന്ന വായു പുറത്തുവിടുന്നതിന് വേണ്ടി പ്രത്യേക വെന്റുകള്‍ വശങ്ങളില്‍ ഒരുങ്ങിയിട്ടുണ്ട്. ഇക്കാരണത്താല്‍ മോഡലില്‍ വായുപ്രതിരോധം നന്നെ കുറയും. പിറകില്‍ നീണ്ടു വീതിയേറിയ എല്‍ഇഡി ടെയില്‍ലാമ്പാണ് മുഖ്യാകര്‍ഷണം.

BMW-8-series

നൂതന സാങ്കേതിക സംവിധാനങ്ങള്‍ 8 സീരീസിന്റെ അകത്തളത്തില്‍ ഒരുങ്ങും. എന്‍എഫ്സിയുടെ സഹായത്താല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചു കാര്‍ പ്രവര്‍ത്തിപ്പിക്കാനും തുറക്കാനും പൂട്ടാനും കഴിയും. സുരക്ഷയുടെ ക്രമീകരണങ്ങളുടെ കാര്യത്തില്‍ മുന്‍തലമുറകളെ കടത്തിവെട്ടും പുതിയ 8 സീരീസ്.

കമ്പനിയുടെ എക്സ്ഡ്രൈവ് ഓള്‍ വീല്‍ ഡ്രൈവിലാണ് 8 സീരീസ് അണിനിരക്കുക. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 8 സീരീസിന് 3.6 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് 8 സീരീസിന് ബിഎംഡബ്ല്യു നിശ്ചയിച്ചിട്ടുള്ള പരമാവധി വേഗം.

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ്-അപ് ഡിസ്പ്ലേ, ഹാപ്റ്റിക് ഫീഡ്ബാക്ക് ബട്ടണുകള്‍, ഓപ്ഷനല്‍ 1375W ബോവേഴ്സ് & വില്‍ക്കിന്‍സ് ഓഡിയോ സംവിധാനം, നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ പോലുള്ള ഫീച്ചറുകള്‍ കാറില്‍ ഒരുങ്ങും.

BMW-8-series-cooper

കാര്‍ ഒരുങ്ങുന്നത് 4.4 ലിറ്റര്‍ ഇരട്ട ടര്‍ബ്ബോ V8 എഞ്ചിനില്‍. 523 bhp കരുത്തും 750 NM torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എട്ടു സ്പീഡ്. മെര്‍സിഡീസ് എസ്-ക്ലാസ് കൂപ്പെ, ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11, ജിടി ക്ലാസ് മോഡലുകളെയാണ് ബിഎംഡബ്ല്യു 8 സീരീസ് എതിരിടുക. മേല്‍ത്തരം ലെതര്‍, ക്രോം, സില്‍വര്‍ അലങ്കാരങ്ങള്‍ മോഡലില്‍ ശ്രദ്ധപിടിച്ചിരുത്തും.

Top