ബ്ലു വെയ്ല്‍, ഗൂഗിളിനോടും ഫേസ്ബുക്കിനോടും നിലപാട് ആരാഞ്ഞ് ഹൈക്കോടതി

ന്യൂഡല്‍ഹി: കൊലയാളി ഗെയിം ബ്ലൂ വെയ്ല്‍ സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഫേസ്ബുക്ക്, ഗൂഗിള്‍, യാഹൂ എന്നിവയോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി.

ഇന്റര്‍നെറ്റില്‍ നിന്ന് ബ്ലൂ വെയ്ല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന്റെയും ഡല്‍ഹി പോലീസിന്റെയും അഭിപ്രായവും കോടതി ആരാഞ്ഞു.

ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തല്‍, ജസ്റ്റീസ് സി ഹരിശങ്കര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ബ്ലൂ വെയ്ല്‍ കളിച്ച് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി പേര്‍ മരിക്കുന്നതില്‍ ബഞ്ച് കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കുട്ടികള്‍ ഈ ഗെയിമിന് അടിമപ്പെടുന്നത് മനസിലാകും. എന്നാല്‍, പ്രായപൂര്‍ത്തിയായവര്‍ ഗെയിം മാസ്റ്ററുടെ നിര്‍ദേശപ്രകാരം കെട്ടിടത്തിനു മുകളില്‍ നിന്നു ചാടുന്നത് എങ്ങനെയാണ് പ്രായപൂര്‍ത്തിയായവരും കുട്ടികളും ഒരേ പോലെ എങ്ങനെയാണ് ഗെയിമിന് അടിമപ്പെടുന്നതെന്നും കോടതി ചോദിച്ചു.

അതേസമയം ബ്ലൂ വെയ്ല്‍ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് ഗൂഗിള്‍, ഫേസ്ബുക്ക്, വാട്ട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവയ്ക്കു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.

കുട്ടികളെ 50 ദിവസം കൊണ്ട് ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിം എന്നാണ് ബ്ലൂ വെയ്ല്‍ അറിയപ്പെടുന്നത്.

റഷ്യന്‍ സൈറ്റായ വികെ.കോമിലാണ് (vk.com) ബ്ലൂവെയ്ല്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. യൂറോപ്പില്‍ ഏറ്റവും പ്രചാരമുള്ള സോഷ്യല്‍ വെബ്സൈറ്റാണിത്. മനഃശാസ്ത്ര വിദ്യാര്‍ഥിയായിരുന്ന ഫിലിപ് ബുഡേകിന്‍ എന്ന റഷ്യക്കാരനാണ് ഈ ഗെയിം വികസിപ്പിച്ചു എന്ന് കരുതുന്നത്. വികെ വഴി അന്തര്‍മുഖരായതോ വിഷാദത്തിന് അടിമപ്പെട്ടവരോ ആയ കൗമാരക്കാരെ കണ്ടെത്തി അവരെ ഗെയിമിലേക്ക് കൊണ്ടുവരിക എന്നതാണ് ബ്ലൂ വെയ്ല്‍ ഗെയിമിന്റെ രീതി. ഭൂമിക്ക് ഭാരമായവരെ ഇല്ലാതാക്കി ലോകം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗെയിം വികസപ്പിച്ചതെന്നായിരുന്നു പിടിയിലായപ്പോള്‍ ഫിലിപ്പ് പറഞ്ഞത്.

Top