black money in jan dhan accounts

2000 notes

ന്യൂഡല്‍ഹി: സ്വന്തം ജന്‍ധന്‍ അക്കൗണ്ടില്‍ 100 കോടിയോളം രൂപയെത്തിയതറിഞ്ഞ സ്ത്രീ പ്രധാനമന്ത്രിയുടെ ഇടപെടലഭ്യര്‍ത്ഥിച്ച് കത്തയച്ചു. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശി ശീതള്‍ യാദവാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഭര്‍ത്താവ് സില്‍ദാര്‍ സിങ്ങിനെക്കൊണ്ടാണ് ശീതള്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയപ്പിച്ചത്.

ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ശാരദ റോഡിലെ എസ്.ബി.ഐ. ശാഖയിലാണ് ശീതളിന്റെ ജന്‍ധന്‍ അക്കൗണ്ട്. ഡിസംബര്‍ 18ന് വീടിനടുത്തുള്ള ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ എ.ടി.എമ്മില്‍ ഇവര്‍ പണമെടുക്കാന്‍ പോയി.

അക്കൗണ്ടില്‍ 99,99,99,394 രൂപ കണ്ട് ഞെട്ടി. വിശ്വാസം വരാതെ തൊട്ടുപിന്നില്‍ നിന്നയാളെക്കൊണ്ട് പരിശോധിപ്പിച്ച് ഉറപ്പാക്കി. യെസ് ബാങ്കിന്റെ എ.ടി.എമ്മില്‍ പോയി വീണ്ടും ബാലന്‍സ് നോക്കി. ഇതേതുകയാണ് കണ്ടത്.

അടുത്ത രണ്ടുദിവസങ്ങളില്‍ ഇക്കാര്യം പറയാന്‍ അവര്‍ എസ്.ബി.ഐ. ശാഖയില്‍ പോയി. എന്നാല്‍, ശീതളിന്റെ പരാതി ജീവനക്കാര്‍ സ്വീകരിച്ചില്ല. അടുത്തദിവസം വന്ന് ബാങ്ക് മാനേജരെ കാണാന്‍ നിര്‍ദേശിച്ചു.

അതനുസരിച്ച് ചെന്നപ്പോള്‍ വേറൊരു ദിവസം വരാന്‍ ആവശ്യപ്പെട്ടെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ കമ്പനിയിലെ ജീവനക്കാരനാണ് സിലെദാര്‍ സിങ്.

ഫാക്ടറി തൊഴിലാളിയാണ് ശീതള്‍. 5000 രൂപയാണ് ശീതളിന്റെ മാസവരുമാനം.

ബാങ്ക് ജീവനക്കാരുടെ പെരുമാറ്റത്തിലുള്ള നിരാശയും 100 കോടിയോളം രൂപ അക്കൗണ്ടിലെത്തിയതിന്റെ പരിഭ്രാന്തിയും കാരണമാണ് പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ ഇവര്‍ തീരുമാനിച്ചത്.

പഠിപ്പുള്ള ഒരാളെക്കൊണ്ടാണ് കത്ത് തയ്യാറാക്കിച്ചതെന്ന് സിലെദാര്‍ സിങ് പറഞ്ഞു. ഈ വിഷയത്തില്‍ ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top