വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും; 2019ല്‍ 300ല്‍ അധികം എംപിമാര്‍ ഉണ്ടാകുമെന്നും അമിത് ഷാ

amith sha

ന്യൂഡല്‍ഹി : പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുമെന്നും ലോക്‌സഭയില്‍ 300ല്‍ അധികം എംപിമാര്‍ പാര്‍ട്ടിക്ക് ഉണ്ടാകുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ച് അധ്യക്ഷന്‍ അമിത് ഷാ. തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) ദേശീയ ജനാധിപത്യസഖ്യം (എന്‍ഡിഎ) വിട്ടത് 2019ലെ ബിജെപി വിജയത്തെ ബാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

‘ബിജെപിക്കോ എന്‍ഡിഎയ്‌ക്കോ നിലവില്‍ ഒരു പ്രശ്‌നവുമില്ല. 2019ലും കേന്ദ്രത്തില്‍ അധികാരം നേടും. ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടും. 300 എംപിമാര്‍ എന്ന മാന്ത്രികസംഖ്യ പാര്‍ട്ടി സ്വന്തമാക്കും. മുന്നണിയിലെ മറ്റു കക്ഷികളുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. രണ്ടു പേര്‍ ശ്രമിച്ചാലേ ‘മഹാസഖ്യം’ ഉണ്ടാകൂ. ബിഹാറില്‍ നിതീഷ് കുമാര്‍ മാത്രം വിചാരിച്ചാല്‍ സഖ്യമുണ്ടാകില്ല. അദ്ദേഹം വരണമെന്ന് എന്‍ഡിഎയും ആഗ്രഹിച്ചിരുന്നു’. ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ബിജെപിക്കെതിരായ വികാരമുണ്ടെന്നതു തെറ്റായ പ്രചാരണമാണ്. 12 ലക്ഷം വോട്ടര്‍മാരുടെ പിന്തുണയും 150 കോടി ഇന്ത്യക്കാരുടെ പിന്തുണയും ഒരു പോലെയാണോ? വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ത്രിപുരയില്‍, ഞങ്ങള്‍ക്കൊരു എംഎല്‍എ പോലുമുണ്ടായിരുന്നില്ല. അവിടെ ഇത്തവണ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. ബിജെപി വിരുദ്ധവികാരം എന്ന ചോദ്യത്തിനു പ്രസക്തിയില്ലന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയ അമിത് ഷാ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും തുറന്നടിച്ചു. രാജ്യത്ത് ഒരു രാഷ്ട്രീയ ഘട്ടം തീരുമാനിക്കപ്പെട്ടുവെന്നും ജാതി രാഷ്ട്രീയം, സ്വജനപക്ഷപാതം, പ്രീണനം എന്നിവയില്‍ നിന്നും അകന്നുപോകുകയാണെന്നും അമിത് ഷാ അവകാശപ്പെടുന്നു.

ചന്ദ്രബാബു നായിഡുവും ടിഡിപിയും എന്‍ഡിഎ വിട്ടുവെന്നതു സത്യമാണ്. പക്ഷേ ഇപ്പോഴും 30 പാര്‍ട്ടികള്‍ മുന്നണിക്കൊപ്പമുണ്ട്. പിന്നെയെങ്ങനെയാണു ഞങ്ങള്‍ തകരുന്നത്? കോണ്‍ഗ്രസിന്റെ അവസരവാദം പോലെയല്ല ബിജെപിയുടെ ആദര്‍ശം. എന്‍ഡിഎ മുന്നണിയുടെ നിലപാടും മറിച്ചല്ല. ഞങ്ങള്‍ക്കു ഭൂരിപക്ഷമുണ്ട്. ആവശ്യങ്ങളുടെ അടിസ്ഥാനത്തിലല്ല സൗഹൃദമുണ്ടാക്കേണ്ടതുണ്ടെന്നും ഷാ ചൂണ്ടിക്കാട്ടി.

ആന്ധ്രപ്രദേശിനായി ബിജെപിയും എന്‍ഡിഎയും മോദി സര്‍ക്കാരും ഒരുപാടു കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ടിഡിപിയുടെ ആവശ്യങ്ങള്‍ ചെവികൊണ്ടില്ലെന്ന ആരോപണം ശരിയല്ല. വിഭജിക്കപ്പെട്ടോ ഇല്ലയോ എന്നതല്ല, ആന്ധ്രയ്ക്ക് ഇത്രയധികം കേന്ദ്രസഹായം നല്‍കിയ മറ്റൊരു സര്‍ക്കാരില്ലെന്നതാണു സത്യം. ആന്ധ്രയ്ക്കു നല്‍കിയ കേന്ദ്രഫണ്ടിനെക്കുറിച്ചു കൃത്യമായ കണക്കു കൈവശമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Top