കര്‍ണ്ണാടകയില്‍ രാഷ്ട്രീയ അട്ടിമറിക്ക് നീക്കം , എച്ച്.ഡി.കുമാരസ്വാമിയെ ലക്ഷ്യമിട്ട് ബി.ജെ.പി

BJP ,HD Kumaraswamy

ന്യൂഡല്‍ഹി : കര്‍ണ്ണാടക രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു. കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെ ‘വിഷം വിഴുങ്ങിയ’ നീലകണ്ഠന്റെ അവസ്ഥയോട് താരതമ്യം ചെയ്ത് പൊട്ടിക്കരഞ്ഞ മുഖ്യമന്ത്രി കുമാരസ്വാമിയുടെ നടപടി ദേശീയ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

37 സീറ്റു മാത്രമുള്ള ജെ.ഡി.യുവിനെ കോണ്‍ഗ്രസ്സ് പിന്തുണച്ചതോടെയാണ് കുമാരസ്വാമി മുഖ്യമന്ത്രിയായത്. മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും ആഭ്യന്തരം, റവന്യൂ അടക്കം പ്രധാന വകുപ്പുകളും കയ്യടക്കി വച്ചിരിക്കുന്ന കോണ്‍ഗ്രസ്സ് ‘സൂപ്പര്‍’ ഇടപെടല്‍ നടത്തുന്നതാണ് കുമാരസ്വാമിയെ അസ്വസ്ഥനാക്കിയിരിക്കുന്നത്.

തന്ത്രപ്രധാനമായ ഈ വകുപ്പുകള്‍ ഉപയോഗിച്ച് സമ്മര്‍ദ്ദതന്ത്രം കൂടി കോണ്‍ഗ്രസ്സ് പുറത്തെടുത്തതോടെ ‘ചെകുത്താനും കടലിനും’ ഇടയില്‍പ്പെട്ട അവസ്ഥയിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി.

modi

താന്‍ സന്തോഷവാനല്ലന്നും സഖ്യ സര്‍ക്കാരിന്റെ ‘വേദന’ഇപ്പോള്‍ അറിയുന്നുവെന്നും പൊട്ടിക്കരഞ്ഞ് പറഞ്ഞ കുമാരസ്വാമി വിഷം വിഴുങ്ങിയ നീലകണ്ഠന്റെ(ശിവന്‍) അവസ്ഥയിലാണ് താനെന്നും പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ ‘സൂപ്പര്‍’ മുഖ്യമന്ത്രിയായി ഭരണത്തില്‍ ഇടപെടുന്നതില്‍ കടുത്ത നിരാശയും പ്രതിഷേധവും മുഖ്യമന്ത്രിക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാരില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസ്സ് നേതാക്കള്‍ ആയതിനാല്‍ ഫലത്തില്‍ മന്ത്രിസഭായോഗത്തില്‍ പോലും സ്വന്തമായ ഒരു നിലപാടിന് അംഗീകാരം വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കുമാരസ്വാമി.

ഒരു ‘പാവ’ മുഖ്യമന്ത്രിയായി തുടരാന്‍ തനിക്ക് താല്‍പ്പര്യമില്ലന്ന് പാര്‍ട്ടി നേതാക്കളോടും പിതാവ് എച്ച്.ഡി ദേവഗൗഡയോടും കുമാരസ്വാമി തുറന്നു പറഞ്ഞതായ റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.

ലോക് സഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണ്ണാടകയില്‍ ജെ.ഡി.എസുമായി ചേര്‍ന്ന് തൂത്ത് വരാമെന്ന കോണ്‍ഗ്രസ്സ് ഹൈക്കമാന്റിന്റെ സ്വപ്നത്തിനു മേലാണ് കുമാരസ്വാമിയുടെ കണ്ണീര്‍ ഇപ്പോള്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. കര്‍ണ്ണാടകയിലെ പാര്‍ട്ടി നേതാക്കളുടെ നടപടിയില്‍ രാഹുല്‍ ഗാന്ധിയും അസ്വസ്ഥനാണ്.

rahul gandhi

അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി ബി.ജെ.പി കുമാരസ്വാമിക്ക് പിന്തുണ നല്‍കി കോണ്‍ഗ്രസ്സിനെ ഭരണത്തില്‍ നിന്നും പുറത്താക്കുമെന്നും ബി.ജെ.പി-ജെ.ഡി.എസ് സഖ്യം ലോക് സഭ തെരെഞ്ഞെടുപ്പിനെ നേരിടുമെന്നുമാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് ഭയക്കുന്നത്.

സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കളുമായും മുഖ്യമന്ത്രി കുമാരസ്വാമിയുമായും ബന്ധപ്പെട്ട് ഉടന്‍ പ്രശ്‌ന പരിഹാരം കാണാന്‍ ഹൈക്കമാന്റ് കര്‍ണ്ണാടക ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഗുലാം നമ്പി ആസാദിനെ തന്നെ കര്‍ണ്ണാടകയിലേക്ക് അയക്കുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന.

ബി.ജെ.പിയാകട്ടെ ഇപ്പോള്‍ തന്നെ ചില ചരടുവലികള്‍ തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിലെ ഭിന്നത രൂക്ഷമായാല്‍ കോണ്‍ഗ്രസ്സിലെയും ജെ.ഡി.എസ്സിലെയും ഒരു വിഭാഗം എം.എല്‍.എമാര്‍ പിളര്‍ന്ന് ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.

എന്നാല്‍ ലോക് സഭ തെരെഞ്ഞെടുപ്പ് വരെ ജെ.ഡി.എസിനെ കോണ്‍ഗ്രസ്സിനൊപ്പം നിര്‍ത്താതിരിക്കുന്നതിനുള്ള ‘അടവു’നയത്തിനാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിനു താല്‍പ്പര്യം.

Top