ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ; 900 നഗരങ്ങളില്‍ മോദി ഫെസ്റ്റ്

modi

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ 900 നഗരങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു.

മോദി ഫെസ്റ്റ് എന്നാണ് പരിപാടിയ്ക്ക് പേരിട്ടിരിക്കുന്നത്. ‘മെയ്ക്കിങ് ഓഫ് ഡെവലപ്പ്ഡ് ഇന്ത്യ’ എന്നാണ് മോദി ഫെസ്റ്റിന്റെ പൂര്‍ണരൂപം.

മെയ് 26 മുതല്‍ ജൂണ്‍ 15 വരെയുള്ള കാലയളവിലാകും മോദി ഫെസ്റ്റ് സംഘടിപ്പിക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അറിയിച്ചു. മെയ് 26ന് ഗുവാഹട്ടിയില്‍ നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

മോദി സര്‍ക്കാര്‍ നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളെ കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോദി ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ പദ്ധതികളുടെ ഗുണഭോക്താക്കളായ ആളുകളെ പങ്കെടുപ്പിച്ച് രാജ്യമൊട്ടാകെ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. പദ്ധതികള്‍ കോടിക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട് എന്നതിനാല്‍ സമ്മേളനങ്ങള്‍ക്ക് വന്‍ ജനപങ്കാളിത്തമുണ്ടാകുമെന്നും സ്മൃതി ഇറാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി ജന്‍ധന്‍ യോജന വഴി 25 കോടി ആളുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങി. ഏഴു കോടി പേര്‍ക്ക് വായ്പ ലഭിച്ചു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയില്‍ രണ്ടു കോടി സ്ത്രീകള്‍ക്കാണ് പാചകവാതക കണക്ഷന്‍ ലഭിച്ചത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാകും ഫെസ്റ്റുകള്‍ നടക്കുക. കേരളം, ആന്‍ഡമാന്‍ നിക്കോബാര്‍, ഛത്തീസ്ഗഡ്, ആന്‍ഡമാന്‍, അരുണാചല്‍ എന്നിവിടങ്ങളിലെ മോദി ഫെസ്റ്റില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേരിട്ട് പങ്കെടുക്കും.

Top