റോഹിംഗ്യകളെ പിന്തുണച്ചു: അസമിലെ വനിതാ നേതാവിനെ പുറത്താക്കി ബിജെപി

ഗുവാഹാട്ടി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ പിന്തുണച്ചതിന്റെ പേരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വനിതാ നേതാവിനെ പുറത്താക്കി അസം ബി.ജെ.പി.

ഭാരതീയ ജനതാ മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബേനസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്. സംസ്ഥാനത്ത് മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടിക്കുവേണ്ടി ശക്തമായ പ്രചാരണം നടത്തിയ നേതാവായിരുന്നു ബേനസീര്‍.

മ്യാന്‍മാര്‍ സര്‍ക്കാരിന്റെ റോഹിംഗ്യന്‍ നിലപാടിനെതിരെ സംഘടിപ്പിച്ച ഉപവാസ സമരത്തിന് പിന്തുണ തേടിക്കൊണ്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ബേനസീറിന് വിനയായത്. ഗുവാഹാട്ടി കേന്ദ്രമായ യുണൈറ്റഡ് മൈനോറിറ്റി ഫോറം എന്ന സംഘടനയാണ് ഉപവാസം സംഘടിപ്പിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെ ബിജെപി ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ ബേനസീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും വിശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കുകയായിരുന്നു. എന്നാല്‍ വിശദീകരണവും മാപ്പപേക്ഷയും നല്‍കിയിട്ടും പാര്‍ട്ടി തന്നെ പുറത്താക്കുകയായിരുന്നുവെന്ന് ബേനസീര്‍ എന്‍ടി ടിവിയോട് പറഞ്ഞു.

2012 ലാണ് എന്‍ജിനീയറായ ബേനസീര്‍ ബിജെപിയില്‍ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുകയും ചെയ്തിരുന്നു.

Top