രാഹുല്‍ ബഹദൂര്‍ ഷാ സഫര്‍; തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സ് നിലംപരിശാകുമെന്ന് ബിജെപി

rahulsaffer

ബംഗളൂരു: കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ പരിഹാസം. രാഹുല്‍ കോണ്‍ഗ്രസ്സിന്റെ ബഹദൂര്‍ ഷാ സഫറാണെന്നും കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ്സ് തകരുമെന്നും ബിജെപി പറഞ്ഞു.

രാഹുല്‍ ഗാന്ധിയോടൊപ്പം പാര്‍ട്ടി തന്നെ ഇല്ലാതാകും മുഗള്‍ രാജകുടുംബം ഇല്ലാതായതുപോലെയെന്നാണ് ബിജെപി പരിഹസിച്ചത്. ബഹദൂര്‍ ഷാ സഫറോടെയാണ് മുഗള്‍വംശം അവസാനിച്ചത്. ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുലിനെതിരായ പരിഹാസം നടത്തിയത്.

ബലാല്‍സംഗക്കേസിലെ പ്രതി ആശാറാം ബാപ്പുവിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ്സ് കഴിഞ്ഞ ദിവസം ബിജെപിയെ കടന്നാക്രമിച്ചതിനു പിന്നാലെയാണ് രാഹുലിനെ പരിഹസിച്ചുള്ള ബിജെപിയുടെ ട്വീറ്റ്. ‘രാഹുലിനൊപ്പം കോണ്‍ഗ്രസ്സും ഇല്ലാതാവും, മുഗള്‍ രാജകുടുംബം ഇല്ലാതായതുപോലെ’ എന്നാണ് ട്വീറ്റില്‍ ബിജെപിയുടെ പരിഹാസം.

രാഹുലിനെ കര്‍ണാടകയിലെ യുവജനങ്ങള്‍ക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തിന് യുവ വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നുമുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ട്വീറ്റിനുള്ള മറുപടിയായാണ് കര്‍ണാടക ബിജെപിയുടെ ട്വീറ്റ്. കര്‍ണാടകയിലെ യുവജനതയ്ക്ക് രാഹുലിനോട് കടുത്ത ഇഷ്ടം തന്നെയാണെന്നും അതിന് കാരണം രാഹുലിന്റെ തമാശകളാണെന്നും ട്വീറ്റില്‍ ബിജെപി പറഞ്ഞിട്ടുണ്ട്.

രാവിലെ ബിജെപി പോസ്റ്റ് ചെയ്ത വികസനം സംബന്ധിച്ച ട്വീറ്റിന് മിനിറ്റുകള്‍ക്കുള്ളില്‍ ട്രോളുമായി കോണ്‍ഗ്രസ്സ് രംഗത്തെത്തിയ സംഭവവുമുണ്ടായി. വികസനം,വളരെ വേഗത്തിലുള്ള വികസനം, സമഗ്രവികസനം എന്നിവയാണ് കര്‍ണാടകയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ ലക്ഷ്യമെന്നാണ് ട്വീറ്റില്‍ ബിജെപി പറഞ്ഞത്. ഇതിന് മറുപടിയായി അഴിമതിയെയും റെഡ്ഡിസഹോദരന്മാരെയും കൂട്ടുപിടിച്ചായിരുന്നു കോണ്‍ഗ്രസിന്റെ ട്രോള്‍.

ബിജെപിക്ക് കര്‍ണാടകയ്ക്ക് വേണ്ടി 3 ലക്ഷ്യങ്ങളാണുള്ളത്. അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാരുടെ വികസനം, അഴിമതിക്കാരായ റെഡ്ഡി സഹോദരന്മാരുടെ വേഗത്തിലുള്ള വികസനം, റെഡ്ഡി സഹോദരന്മാരുടെ സമഗ്രവികസനം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ട്രോള്‍.

Top