കുടുംബ പ്രശ്‌നം തീര്‍പ്പാക്കുന്നതിനിടെ ബിജെപി എംഎല്‍എ ദളിത് സ്ത്രീകളെ ആക്രമിച്ചു

thukkar

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും രുദ്രാപുര്‍ എം.എല്‍.എയുമായ രാജ്കുമാര്‍ തുക്രാല്‍ ദളിത് സ്ത്രീകളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംഎല്‍എയുടെ വീടിന് പുറത്തുവെച്ച് സ്ത്രീകളോട് മോശമായി സംസാരിക്കുകയും അവരെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തിയത്.

രണ്ട് കുടുംബങ്ങള്‍ തമ്മിലുണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ രുദ്രാപുരിലെ തന്റെ വസതിക്ക് മുന്നില്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രശ്‌നമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒളിച്ചോടിയതിനെ തുടര്‍ന്ന് ഇരു വീട്ടുകാരും തമ്മില്‍ കുറച്ച് ദിവസങ്ങളായി പ്രശ്‌നങ്ങളുണായിരുന്നു. തുടര്‍ന്ന് ഇത് പരിഹാനായിരുന്നു എംഎല്‍എയുടെ വീടിനു മുമ്പില്‍ യോഗം വിളിച്ചു ചേര്‍ത്തത്. ഇതിനിടെയായിരുന്നു എംഎല്‍എ സ്ത്രീകളെ ആക്രമിച്ചത്.

ആണ്‍കുട്ടിയുടെ പിതാവ് രാം കിഷോറിനെയും ഭാര്യ മാലയേയും മക്കളായ പൂജ, സോനം എന്നിവരേയും എം.എല്‍.എ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. എം.എല്‍.എക്കെതിരെ രുദ്രാപുര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളെ തുക്രാല്‍ മര്‍ദ്ദിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

അതേസമയം രണ്ട് കുടുംബങ്ങളുടെയും പ്രശ്‌നം പറഞ്ഞുതീര്‍ക്കുന്നതിനിടെ ഇരു വീട്ടുകാരും വഴക്കിട്ടതിനെ തുടര്‍ന്ന് താന്‍ ഇടപെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളതെന്നാണ് തുക്രാലിന്റെ വിശദീകരണം.

Top