സഖ്യകക്ഷി നേതാവിനെ പരസ്യമായി കള്ളനെന്ന് വിളിച്ച് ബി ജെ പി അധ്യക്ഷന്‍

mahendranath-pandey

ലക്‌നൗ: സഖ്യകക്ഷി നേതാവിനെ പരസ്യമായി കള്ളനെന്ന് വിളിച്ചത് വിവാദമാവുന്നു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെയാണ് സഖ്യകക്ഷിയായ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്-ബി.എസ്.പി) നേതാവും എം.പിയുമായ കൈലാഷ് സൊങ്കറിനെ കള്ളനെന്നു വിളിച്ചത്.

കൈലാഷ് സൊങ്കര്‍ ഒരു കള്ളനായി മാറിയതിനാല്‍ തറക്കല്ലില്‍ അദ്ദേഹത്തിന്റെ പേര് നല്‍കിയിട്ടില്ലെന്നായിരുന്നു മഹേന്ദ്ര നാഥ് പാണ്ഡെയുടെ വിവാദ പരാമര്‍ശം. സൊങ്കര്‍ ജനങ്ങളുടെ പണം കവരുകയാണ്. ഇത് അദ്ദേഹത്തിനെതിരെയുള്ള ജനങ്ങളുടെ പരാതിയാണ്. ജനപ്രതിനിധികളുടെ അഴിമതികള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പാണ്ഡെ പറഞ്ഞു. ചൊവ്വാഴ്ച എം.പിയുടെ മണ്ഡലത്തിലെ കേന്ദ്രപദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു സംഭവം.

ഇതോടെ സംസ്ഥാന ബി.ജെ.പി നേതൃത്വത്തിന് എസ്-ബി.എസ്.പിയുമായുള്ള എതിര്‍പ്പ് മറനീക്കി പുറത്തു വന്നിരിക്കുകയാണ്. ചടങ്ങില്‍ ഉപ മുഖ്യമന്ത്രി ദിനേശ് ശര്‍മയും സന്നിഹിതനായിരുന്നു. എന്നാല്‍ സൊങ്കര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. മഹേന്ദ്രനാഥ് പാണ്ഡെക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കൈലാഷ് സൊങ്കര്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് പാണ്ഡെ ഇത്തരം വാക്കുകള്‍ തനിക്കു നേരെ ഉപയോഗിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Top